കേതന്‍ അഗർവാളിന്‍റെ മരണം: കൊലപാതകത്തെപ്പറ്റി ഗൂഗ്ളിൽ സർച്ച് ചെയ്ത് പ്രതികൾ
text_fieldsപുണെ: പുണെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സിയ ഗോയലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും നടത്തിയ ആസൂത്രിത നീക്കങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കൊലപാതകത്തിന് മുന്നോടിയായി ഇരുവരും ഇന്റർനെറ്റിൽ കൊലപാതകത്തെ കുറിച്ച് തിരഞ്ഞതടക്കമുള്ള രേഖകളാണ് പൊലീസിന് ലഭിച്ചത്. ഇതോടൊപ്പം സംഭവം നടന്ന ലോഹഗഡ് കോട്ടയിൽ പോയി കൊലപാതകത്തിന്‍റെ റിഹേഴ്സൽ നടത്തിയിരുന്നു. പിടിക്കപ്പെട്ടാൽ പോലീസിനോട് എന്ത് മറുപടി പറയണമെന്ന് പോലും ഇവർ മുൻകൂട്ടി നിശ്ചയിച്ചിരുന്നവെന്നാണ് വിവരം. കൃത്യത്തിന് മുമ്പും ശേഷവും തങ്ങളുടെ ഫോണിലെ ചാറ്റ് ഹിസ്റ്ററിയും റീസൈക്കിൾ ബിന്നും പ്രതികൾ പൂർണ്ണമായും നശിപ്പിച്ചു. ഫോണുകൾ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഫെബ്രുവരിയിലായിരുന്നു സിയയും കേതനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നവംബറിൽ ജയ്പൂരിലെ ഒരു കൊട്ടാരത്തിൽ വെച്ച് 17 കോടി രൂപ ചെലവഴിച്ച് ആഡംബരമായി വിവാഹം നടത്താനായിരുന്നു തീരുമാനം. അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹത്തിന് മാസങ്ങൾക്ക് മാത്രം ബാക്കി നിൽക്കെ സിയയും കാമുകനും ചേർന്ന് കേതനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്‍റെ പുരാവിഷ്കരണവും തെളിവെടുപ്പും ഇന്ന് പ്രതികളെ സ്ഥലത്തെത്തിച്ച് നടത്തും.
അതേ സമയം കേതന്റെ കുടുംബം താമസിക്കുന്ന ഗഹുഞ്ചെയിലെ ഹൗസിംഗ് സൊസൈറ്റിയിൽ ശനിയാഴ്ച മെഴുകുതിരി പ്രതിഷേധം നടത്തി. കേതൻ കൊല്ലപ്പെട്ട ജൂൺ 18-ന് കോട്ടയിൽ സന്ദർശനം നടത്തിയവരോട് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി നൽകാൻ പിതാവ് വിശാൽ അഗർവാൾ അഭ്യർത്ഥിച്ചു. "പലരും ഞങ്ങൾക്ക് മെസേജ് അയക്കുന്നുണ്ട്, എന്നാൽ അവർ പോലീസിനെ സമീപിക്കുന്നില്ല. കേതന് നീതി ലഭിക്കാൻ എല്ലാവരും മുന്നോട്ട് വരണം. അവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു," വിശാൽ അഗർവാൾ പറഞ്ഞു. മകന് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

