കടൽമണൽ ഖനനം: മത്സ്യത്തൊഴിലാളികളുടെ പാർലമെന്റ് മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsകടൽമണൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോഓഡിനേഷൻ നടത്തിയ പാർലമെന്റ് മാർച്ച് കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കടൽ ഖനന പദ്ധതിക്കെതിരെ കേരള മത്സ്യത്തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റി നടത്തിയ പാർലമെന്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. കടലും കടല്‍ത്തീരവും തീരദേശജനതയെയും വിറ്റഴിക്കാനുള്ള നീക്കം ഞങ്ങളുടെ ശവത്തില്‍ ചവിട്ടി മാത്രമേ നടക്കൂവെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു.
പാര്‍ലമെന്റില്‍ ഇനിയുള്ള ദിവസങ്ങളിലും പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്മാറുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫ്, എൽ.ഡി.എഫ് ലോക്സഭ, രാജ്യസഭ എം.പിമാരും പ്രതിഷേധത്തിന്റെ ഭാഗമായി. കെ. രാധാകൃഷ്ണൻ എം.പി സമാപന പ്രസംഗം നടത്തി. മണൽ ഖനനവുമായി ഒരടി മുന്നോട്ടുപോകാൻ മത്സ്യത്തൊഴിലാളികൾ സമ്മതിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. പരിസ്ഥിതി ആഘാത പഠനം നടത്തുന്നത് ടെൻഡർ എടുക്കുന്ന കമ്പനിയാണ്.
കള്ളന്റെ കൈയിൽ തന്നെ താക്കോൽ കൊടുക്കാമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാമെന്ന് ആരും കരുതരുത്. കടലിലെ ഖനനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം നടത്തി അറിയേണ്ട സാഹചര്യമില്ലെന്ന് കോഓഡിനേഷൻ ചെയർമാൻ ടി.എൻ. പ്രതാപൻ പറഞ്ഞു.
കേരള മുഖ്യമന്ത്രി സർവകക്ഷി സംഘവുമായി പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തിന്റെ ആശങ്ക അറിയിക്കണമെന്നും കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പാർലമെന്റ് മാർച്ചിന് ടി.എൻ. പ്രതാപൻ, കൺവീനർ പി.പി ചിത്തരഞ്ജൻ എം.എൽ.എ, വൈസ് ചെയർമാൻ ടി.ജെ. ആഞ്ചലോസ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.