
ആധാറുമായി ബന്ധിപ്പിക്കാത്തതിന് മൂന്നു കോടി റേഷൻ കാർഡുകൾ മരവിപ്പിച്ച നടപടി അതിഗുരുതരമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം നിരത്തി കേന്ദ്രസർക്കാർ രാജ്യത്തുടനീളം മൂന്നു കോടി റേഷൻ കാർഡുകൾ മരവിപ്പിച്ചതിനെതിരെ സുപ്രീം കോടതി. ശത്രുത സമീപനത്തോടെ കാണേണ്ട വിഷയമല്ലിതെന്നും അതിഗുരുതരമാണെന്നും വ്യക്തമാക്കിയ കോടതി കേന്ദ്രത്തിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും വിശദീകരണവും തേടി. ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെ, ജസ്റ്റീസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രമണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. പരാതിക്കാരിയായ കൊയ്ലി ദേവിക്കു വേണ്ടി ഹാജരായ കോളിൻ ഗോൺസാൽവസ് അത് വലിയ വിഷയമാണെന്ന് ബോധിപ്പിച്ചു. ഇത് അംഗീകരിച്ച പരമോന്നത കോടതി പരാതിക്കാരിയുടെ അഭിഭാഷകൻ വിഷയത്തിന്‍റെ പരിധി ഉയർത്തിയതായും ആശ്വാസം നൽകിയതായും പറഞ്ഞു. നാലാഴ്ചക്കകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. കേസ് അവസാനവാദം കേൾക്കലിനായി നീട്ടിവെച്ചു.
കേന്ദ്രം ഇതുവരെയായി മൂന്നു കോടി റേഷൻ കാർഡുകൾ മരവിപ്പിച്ചതായി അഭിഭാഷകൻ അറിയിച്ചു. എന്നാൽ, കേന്ദ്രമാണ് മരവിപ്പിച്ചതെന്ന വാദം അബദ്ധമാണെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ അമൻ ലേഖി പ്രതികരിച്ചു.
പട്ടിണി മരണങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാൻ 2019 ഡിസംബറിൽ എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, മരണങ്ങൾ പട്ടിണി മൂലമാണെന്ന് കരുതുന്നില്ലെന്നായിരുന്നു കേന്ദ്രം നൽകിയ മറുപടി. ഒരാൾക്കും ആധാർ കാർഡുമായി ബന്ധിപ്പിപ്പിക്കാത്തതിന് ഭക്ഷ്യ വസ്തുക്കൾ മുടക്കിയില്ലെന്നും മറുപടിയിലുണ്ട്.
2018ൽ പട്ടിണി മൂലം 11 കാരിയായ മകൾ സന്തോഷി മരിച്ചതിനു പിന്നാലെയാണ് ഝാർഖണ്ഡ് സ്വദേശിയ ദേവി പൊതുതാൽപര്യ ഹരജി നൽകിയിരുന്നത്. ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെന്ന് പറഞ്ഞ് തങ്ങളുടെ റേഷൻ കാർഡ് പ്രാദേശിക ഭരണകൂടം റദ്ദാക്കിയെന്നും ഭക്ഷണം കിട്ടാതെ മകൾ മരിക്കുകയായിരുന്നുവെന്നുമായിരുന്നു പരാതി. ദളിത് കുടുംബത്തിന് റേഷൻ കാർഡ് മരവിപ്പിക്കപ്പെട്ടതോടെ 2017 മാർച്ച് മാസം മുതൽ റേഷൻ ലഭിച്ചിരുന്നില്ല. ഇത് കുടുംബത്തെ പട്ടിണിയിലാക്കി. മരിച്ച ദിവസം പോലും മകൾക്ക് ഉപ്പിട്ട ചായ മാത്രമാണ് നൽകാൻ കഴിഞ്ഞതെന്നായിരുന്നു ദേവിയുടെ പരിഭവം. മറ്റൊന്നും വീട്ടിലുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
