മധ്യപ്രദേശിൽ സ്കൂൾ കുട്ടികൾക്ക് പ്ലേറ്റിന് പകരം ഉച്ചഭക്ഷണം നൽകുന്നത് പത്രക്കടലാസിൽ: പ്രധാനമന്ത്രി ലജ്ജിക്കണമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: മധ്യപ്രദേശിലെ സ്കൂൾ കുട്ടികൾ പത്രത്തിൽ ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇത്രയും ദയനീയമായ സംസ്ഥാനത്ത് രാജ്യത്തിന്റെ ഭാവിതലമുറയെ ഇങ്ങനെ വളർത്തിയെടുക്കുന്നതിൽ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ലജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ‘വികസനം’ തട്ടിപ്പാണെന്നും വിഡിയോക്കൊപ്പം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ രാഹുൽ ആരോപിച്ചു.
''കുട്ടികൾക്ക് പത്രക്കടലാസിൽ ഉച്ചഭക്ഷണം നൽകുന്നുവെന്ന വാർത്ത കണ്ടതുമുതൽ ഹൃദയം തകർന്നിരിക്കുകയാണ്. ബി.ജെ.പിയുടെ വികസനം ഒരു മിഥ്യ മാത്രമാണ്. രാജ്യത്തിന്റെ ഭാവി ഈ നിഷ്‌കളങ്കരായ കുട്ടികളുടെ സ്വപ്നങ്ങളിലാണ് നിലകൊള്ളുന്നത്. അവർക്ക് അന്തസ്സായി ഭക്ഷണം കഴിക്കാൻ ഒരു പാത്രം പോലുമില്ല. 20 വർഷത്തിലേറെയുള്ള ബി.ജെ.പി ഭരണത്തിൽ അവർ കുട്ടികളുടെ പാത്രങ്ങൾപോലും കവർന്നെടുത്തു'' -എന്നാണ് രാഹുൽ എക്സിൽ കുറിച്ചത്.
സ്കൂൾ കോമ്പൗണ്ടിലെ വെറും തറയിൽ കടലാസു കഷ്ണങ്ങളിൽ വിളമ്പിയ ഭക്ഷണത്തിന് മുന്നിൽ ഇരിക്കുന്ന വിദ്യാർഥികളെയാണ് വിഡിയോയിൽ കാണുന്നത്. മധ്യപ്രദേശിലെ മഷിയോപൂർ ജില്ലയിലെ വിജയ്പൂർ ബ്ലോക്കിലെ ഹൽപൂർ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ, ഷിയോപൂർ ജില്ലാ കലക്ടർ അർപിത് വർമ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് മുഖേന അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷണം വിളമ്പിയ സ്വയം സഹായ സംഘത്തെ പിരിച്ചുവിടുകയും സ്‌കൂൾ പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് പോഷകസമൃദ്ധവും ശുചിത്വവുമുള്ള ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി പോഷൺ ശക്തി നിർമാൺ (പി.എം പോഷൺ) പദ്ധതിയുടെ നടത്തിപ്പിലെ വീഴ്ചയാണ് ഈ സംഭവം തുറന്നുകാട്ടുന്നത്.
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുമെന്ന് ഭരണകക്ഷിയായ ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

