ഡെലിവറി വൈകിയതിന് വഴക്കുപറഞ്ഞു; മനംനൊന്ത് ഡെലിവറി ബോയ് ജീവനൊടുക്കി
text_fieldsചെന്നൈ: ഡെലിവറി വൈകിയതിൽ ഉപഭോക്താവ് വഴക്കുപറഞ്ഞതിനെ തുടർന്ന് ഡെലിവറി ബോയ് ജീവനൊടുക്കി. ബി.കോം വിദ്യാർഥിയായ പവിത്രൻ എന്ന 19കാരനാണ് ജീവനൊടുക്കിയത്. ചെന്നൈ കൊളത്തൂരിലാണ് സംഭവം. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു.
പഠനത്തിനിടെ വരുമാനം കണ്ടെത്തുന്നതിനായാണ് പവിത്രൻ ഡെലിവറി ജോലി ചെയ്തിരുന്നത്. സെപ്റ്റംബർ 11ന് കൊരട്ടൂർ ഭാഗത്തെ ഒരു വീട്ടിൽ പലചരക്കുകൾ ഡെലിവറി ചെയ്യാനുണ്ടായിരുന്നു. എന്നാൽ, വിലാസം കണ്ടെത്താൻ പ്രയാസമായതോടെ ഡെലിവറി വൈകി.
സാധനങ്ങൾ ഓർഡർ ചെയ്ത സ്ത്രീ പവിത്രനെ ശകാരിക്കുകയും ഡെലിവറി സ്ഥാപനത്തിൽ വിളിച്ച് പരാതി പറയുകയും ചെയ്തു. പ്രകോപിതനായ പവിത്രൻ തൊട്ടടുത്ത ദിവസം ഇവരുടെ വീടിന് നേരെ കല്ലെറിഞ്ഞു. ജനൽ ചില്ലുകൾ തകർന്നു. ഇതോടെ സ്ത്രീ പൊലീസിൽ പരാതിനൽകി. തുടർന്ന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിട്ടയക്കുകയായിരുന്നു.
സംഭവത്തിന് ശേഷം പവിത്രൻ അസ്വസ്ഥനായിരുന്നു. തുടർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡെലിവറി സമയത്ത് സ്ത്രീ ശകാരിച്ചതിനെത്തുടർന്ന് താൻ വിഷാദത്തിലേക്ക് പോയെന്നും അതാണ് മരണകാരണമെന്നും പവിത്രൻ ആത്മഹത്യ കുറിപ്പിൽ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

