അതിർത്തി ജില്ലകൾ സാധാരണ നിലയിലേക്ക്; പഞ്ചാബിലും കശ്മീരിലും സ്കൂളുകൾ തുറന്നു
text_fieldsഇന്ത്യ-പാക് സംഘർഷം അവസാനിച്ച് സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ പഞ്ചാബിലെ അമൃത്സർ അട്ടാരി അതിർത്തിക്ക് സമീപത്തെ സ്കൂളിലേക്ക് വിദ്യാർഥികൾ എത്തുന്നു
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിന് അയവുവന്നതോടെ അതിർത്തി സംസ്ഥാനങ്ങളിലെ ജനജീവിതം സാധാരണ നിലയിലേക്ക്. പഞ്ചാബിൽ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ സ്കൂളുകൾ ബുധനാഴ്ചയോടെ പൂർണമായും തുറന്നു. ഇരുരാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ ധാരണയായതോടെ പഞ്ചാബിലെ മിക്ക ജില്ലകളിലും സ്കൂളുകൾ തുറന്നിരുന്നെങ്കിലും അതിർത്തിയോട് ചേർന്ന ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതുടരുകയായിരുന്നു.
അമൃത്സർ, താൺ തരൺ, പത്താൻകോട്ട്, ഫാസിൽക, ഫിറോസ്പൂർ, ഗുരുദാസ്പൂർ എന്നീ ജില്ലകളിലായി 553 കിലോമീറ്റർ അതിർത്തിയാണ് പഞ്ചാബ് പാകിസ്താനുമായി പങ്കിടുന്നത്. ഗുരുദാസ്പൂരിലെ സ്കൂളുകൾ ചൊവ്വാഴ്ച തുറന്നിരുന്നു. മറ്റ് അഞ്ച് ജില്ലകളിലെ സ്കൂളുകൾ ബുധനാഴ്ച പ്രവർത്തനമാരംഭിച്ചതായി അധികൃതർ അറിയിച്ചു.
ജമ്മു-കശ്മീരിൽ, അതിർത്തി ജില്ലകളായ ബാരാമുള്ള, കുപ്വാര, ബന്ദിപ്പോര എന്നിവിടങ്ങളിലെ സ്കൂളുകളും കോളജുകളും തുറന്നു. മറ്റ് ഭാഗങ്ങളിലെ സ്കൂളുകളിൽ ചൊവ്വാഴ്ച ക്ലാസുകൾ ആരംഭിച്ചിരുന്നു. അതേസമയം, നിയന്ത്രണ രേഖക്ക് (എൽ.ഒ.സി) സമീപമുള്ള സ്ഥാപനങ്ങൾ ജാഗ്രതയുടെ ഭാഗമായി അടഞ്ഞുതുടരുകയാണ്. പാക് ഷെല്ലാക്രമണത്തിലുണ്ടായ നാശനഷ്ടം വിലയിരുത്തിയശേഷമേ ഇവ തുറക്കൂ എന്നാണ് വിവരം. ഷെല്ലാക്രമണത്തെ തുടർന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നതിനാൽ വിദ്യാർഥികളും സ്ഥലത്തില്ല. മേഖലയിൽ അവശേഷിക്കുന്ന പൊട്ടാത്ത ഷെല്ലുകളും ആശങ്കയുയർത്തുന്നുണ്ട്. ഇവക്കായി സൈന്യം പരിശോധന തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

