അമ്മക്ക് ജന്മദിനാശംസ നേരാൻ ഫോൺ ചെയ്തത് സ്‌കൂൾ അധികൃതർ വിലക്കി; വിദ്യാർഥി ജീവനൊടുക്കി
text_fieldsബംഗലൂരു: അമ്മയോട് ഫോണിൽ സംസാരിക്കുന്നതിൽ നിന്ന് സ്‌കൂൾ അധികൃതർ വിലക്കിയതിനെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ബംഗലൂരുവിലെ തലപ്പാടി ദേവിനഗർ ശാരദ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥി പൂർവജ്(14) ആണ് മരിച്ചത്. രമേശിന്റെയും മഞ്ജുളയുടെയും മകനായ പൂർവജിനെ ഹോസ്റ്റൽ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോസ്റ്റലിലെ മറ്റൊരു വിദ്യാർഥിയാണ് സംഭവം സ്കൂൾ അധികൃതരേയും പൂർവജിന്‍റെ രക്ഷിതാക്കളേയും അറിയിച്ചത്. ബംഗലൂരു ഹൊസകോട്ടിലെ ഹോസ്റ്റലിലാണ് കുട്ടി താമസിച്ചിരുന്നത്. അതേസമയം, അമ്മയോട് സംസാരിക്കുന്നതിൽ നിന്ന് സ്‌കൂൾ അധികൃതർ വിലക്കിയതിനെ തുടർന്നാണ് മകൻ ജീവനൊടുക്കിയതെന്ന് ആരോപിച്ച് സ്‌കൂൾ ഹെഡ്മാസ്റ്റർക്കും ഹോസ്റ്റൽ വാർഡനുമെതിരെ രക്ഷിതാക്കൾ പരാതി നൽകി.
അമ്മയ്ക്ക് ജന്മദിനാശംസകൾ നേരാനായി ഫോണിൽ ബന്ധപ്പെടുന്നതിനിടെ കുട്ടിയെ സ്‌കൂൾ അധികൃതർ തടഞ്ഞെന്നാണ് ആരോപണം. മകനെ അധികൃതർ ദയനീയമായി പീഡിപ്പിച്ചെന്നും കുട്ടി സമ്മർദ്ദത്തിലായിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു. കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്ന് അഡ്മിഷൻ സമയത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നും തങ്ങളോട് സംസാരിക്കാൻ മകനെ സ്കൂൾ അധികൃതർ അനുവദിച്ചില്ലെന്നും ഇവർ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സ്‌കൂൾ അധികൃതർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

