Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ വീടുകളും...

മണിപ്പൂരിൽ വീടുകളും സ്കൂളും കത്തിച്ച് സ്ത്രീകളുടെ സംഘം

text_fields
bookmark_border
മണിപ്പൂരിൽ വീടുകളും സ്കൂളും കത്തിച്ച് സ്ത്രീകളുടെ സംഘം
cancel

ഇംഫാൽ: വംശീയ സംഘർഷത്തെ തുടർന്ന് ആളുകൾ ഉപേക്ഷിച്ചുപോയ പത്തോളം വീടുകൾക്കും ഒരു സ്കൂളിനും തീയിട്ട് സ്ത്രീകളടങ്ങുന്ന സംഘം. ചുരാചന്ദ്പുർ ജില്ലയിൽ ടോർബങ് ബസാറിലെ ചിൽഡ്രൻ ട്രഷർ ഹൈസ്കൂളാണ് ശനിയാഴ്ച തീവെച്ച് നശിപ്പിച്ചത്. വെടിയുതിർത്തും ബോംബെറിഞ്ഞും ആളുകളെ അകറ്റിയായിരുന്നു ആക്രമണം.

ബി.എസ്.എഫ് സംഘം സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ മുൻനിരയിൽ സ്ത്രീകളായിരുന്നതിനാൽ തിരികെ വെടിവെച്ചില്ല. ബി.എസ്.എഫിന്റെ വാഹനം പിടിച്ചെടുക്കാൻ നോക്കിയപ്പോൾ വെടിയുതിർത്ത് ചെറുത്തു തോല്പിച്ചെന്നും ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു.

അതിനിടെ, മണിപ്പൂരിൽ കലാപം ആരംഭിച്ച ശേഷം കുക്കി വിഭാഗത്തിലെ ഏഴ് സ്ത്രീകൾ ബലാത്സംഗത്തിനിരയായെന്ന് വിവിധ സംഘടനകൾ പറഞ്ഞു. രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തുകയും ചെയ്ത സംഭവത്തിന്റെ വിഡിയോ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സംഘടനകളുടെ വെളിപ്പെടുത്തൽ. എന്നാൽ, ഒരൊറ്റ ബലാത്സംഗം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വാദം. 6068 കേസുകളാണ് കലാപവുമായി ബന്ധപ്പെട്ട് രജിസ്‍റ്റർ ചെയ്തിട്ടുള്ളതെന്നും അതിൽ ഒന്ന് മാത്രമാണ് ബലാത്സംഗ കേസെന്നും അദ്ദേഹം ‘ഇന്ത്യ ടുഡേ’ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി

ന്യൂഡൽഹി: മണിപ്പൂരിലെ അതിക്രമങ്ങൾ റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മിറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി.

സ്ത്രീകളെ ലൈംഗിക അതിക്രമത്തിനിരയാക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്നാണ് അഭിഭാഷകനായ വിശാൽ തിവാരി ഹരജി ഫയൽ ചെയ്തത്.

മണിപ്പൂരിൽ സ്ഥിതി ഗുരുതരമായിട്ടും കേന്ദ്രസർക്കാറും മണിപ്പൂർ സർക്കാറും നടപടിയെടുത്തിട്ടില്ലെന്ന് ഹരജിയിൽ കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

മണിപ്പൂർ: പ്രമേയം പാസാക്കി രാജസ്ഥാൻ നിയമസഭ

ജയ്പുർ: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ നിയമസഭ പ്രമേയം പാസാക്കി. 2011-15 കാലയളവിൽ നടത്തിയ സാമൂഹിക- സാമ്പത്തിക ജാതി സെൻസസ് വിവരങ്ങൾ പുറത്തുവിടണമെന്നും രാജ്യത്താകമാനം ജാതി സർവേ നടത്തണമെന്നും പ്രമേയത്തിൽ ആവശ്യമുണ്ട്. പ്രതിപക്ഷ ബഹളത്തിനിടയിലാണ് പ്രമേയം പാസാക്കിയത്.

വിഷയം ചർച്ചയാക്കാതിരിക്കാൻ ബി.ജെ.പി ശ്രമം -തരൂർ

ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മണിപ്പൂരിലെ അതിക്രമങ്ങൾ ചർച്ചയാക്കാതിരിക്കാനാണ് ബി.ജെ.പി ശ്രമമെന്ന് ശശി തരൂർ എം.പി. പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂർ പ്രശ്നത്തിന്റെ അനുരണനങ്ങൾ അയൽ സംസ്ഥാനമായ മിസോറമിൽ പ്രതിഫലിച്ചുതുടങ്ങി. വിഷയത്തിൽ പ്രധാനമന്ത്രി തന്നെ പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജംഷെഡ്പുരിൽ അഭിഭാഷകരുടെ പ്രതിഷേധം

ജംഷെഡ്പുർ: രാജ്യത്താകെ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഝാർഖണ്ഡിലെ ജംഷെഡ്പുരിൽ അഭിഭാഷകർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. മണിപ്പൂരിലും രാജസ്ഥാനിലും പശ്ചിമ ബംഗാളിലും നടക്കുന്ന സ്ത്രീകളോടുള്ള അതിക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് അഭിഭാഷകർ പറഞ്ഞു. ഭരണകൂടങ്ങൾക്ക് ആക്രമികളെ നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ രാഷ്ട്രപതി ഇടപെടണമെന്നാണ് ആവശ്യം.

പശ്ചിമ ബംഗാളിൽ മണിപ്പൂർ ചർച്ചയാകും

കൊൽക്കത്ത: മണിപ്പൂർ വിഷയം പശ്ചിമ ബംഗാൾ നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ ചർച്ചചെയ്യാൻ സർവകക്ഷി യോഗത്തിൽ തീരുമാനം. തീയതിയും കൂടുതൽ കാര്യങ്ങളും പിന്നീട് തീരുമാനിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് വിപ്പ് നിർമൽ ഘോഷ് പറഞ്ഞു. ബി.ജെ.പിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയമാണ് മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് യോഗം വിലയിരുത്തി. അതേസമയം, സർവകക്ഷിയോഗം ബി.ജെ.പി ബഹിഷ്‍കരിച്ചു. മണിപ്പൂർ ചർച്ചചെയ്യുന്നതിനുമുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കുനേരെ നടന്ന അതിക്രമങ്ങൾ ചർച്ചചെയ്യണമെന്നാണ് ബി.ജെ.പി നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurFire
News Summary - School in Manipur Set On Fire
Next Story