മിസോറം അതിർത്തിയിലെ അസം സ്കൂളിൽ സ്ഫോടനം
text_fieldsഹെയ്ലകൻറി (അസം): മിസോറം അതിർത്തിക്കടുത്ത അസമിലെ ഹെയ്ലകൻറി ജില്ലയിലെ സ്കൂളിന് സ്ഫോടനത്തിൽ കേടുപാട്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം തുടരുന്നതിനിടെയാണ് ശനിയാഴ്ച സ്ഫോടനമുണ്ടായത്.
സർക്കാർ സ്കൂളിന് നേരെയാണ് ആക്രമി സ്ഫോടനം നടത്തിയതെന്നും സ്കൂളിെൻറ പ്രധാനഭാഗം തകർന്നുവെന്നും ആളപായമില്ലെന്നും ഹെയ്ലകൻറി എസ്.പി ഗൗരവ് ഉപാധ്യായ പറഞ്ഞു. ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിക്കടുത്തുണ്ടായ സ്ഫോടനം പ്രദേശവാസികളെ ഭയചകിതരാക്കിയിട്ടുണ്ട്.
അതിർത്തിക്കപ്പുറത്തുനിന്നാണ് ആക്രമി എത്തിയതെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് മിസോറം മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും അതിർത്തിയിൽ പൂർണ സമാധാനം കൈവരാൻ കാലതാമസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹെയ്ലകൻറിയിലെ ചുനിനുല്ല പ്രദേശത്ത് റോഡ് നിർമിക്കണമെന്ന് മിസോറമിലെ ജനങ്ങൾ ആഗ്രഹിക്കുന്നതായി എ.ഐ.യു.ഡി.എഫ് എം.എൽ.എ സുസാമുദ്ദീൻ ലസ്കർ പറഞ്ഞു. ഇക്കാര്യത്തിൽ അസം സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. എന്നാൽ, അസം സർക്കാർ ഉടൻ നടപടിയെടുക്കാത്തതാണ് അതിർത്തി തർക്കം രൂക്ഷമാകാൻ കാരണമെന്നും എം.എൽ.എ ആരോപിച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കം കഴിഞ്ഞ ജൂലൈ 26ന് സംഘർഷത്തിൽ കലാശിച്ചിരുന്നു. ആറ് അസം പൊലീസ് ഉദ്യോഗസ്ഥരും മറ്റൊരാളും കൊല്ലപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

