സൊണാലി ഫോഗട്ടിനെ നിർബന്ധിച്ച് കുടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മയക്ക് മരുന്നും നൽകി
text_fieldsന്യൂഡൽഹി: നടിയും ബി.ജെ.പി നേതാവുമായ സൊണാലി ഫോഗട്ടിനെ ഗോവയിലെ നിശാക്ലബ്ബിൽ അജ്ഞാത പാനീയം നിർബന്ധിച്ച് കുടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നേരത്തെ, ക്ലബിൽ നിന്ന് പുറത്തേക്ക് വരുന്ന വഴിയിൽ സൊണാലി ഫോഗട്ട് തപ്പിത്തടയുന്നതിന്റെ സി.സി.ടി.ടി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അതിനു പിറകെയാണ് ഡാൻസ് ഫ്ലോറിൽ നിർബന്ധിച്ച് കുടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തായത്.
സൊണാലിയുടെ ബിസിനസ് പങ്കാളികളിലൊരാളായ സുധീർ സാങ്‌വാനാണ് ദൃശ്യങ്ങളിലുള്ളത്. കഴിഞ്ഞ ദിവസം പുറത്തായ ദൃശ്യങ്ങളിലും സുധീറുണ്ട്. ലക്കുകെട്ട സൊണാലിയെ ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങാൻ സുധീർ സഹായിക്കുന്നതായിരുന്നു ദൃശ്യങ്ങൾ. തുടർന്ന് ഇയാൾ സൊണാലിയടക്കമുള്ളവർ താമസിച്ചിരുന്ന ഗ്രാൻഡ് ലിയോണി എന്ന ഹോട്ടലിലേക്ക് ഇവരെ കൊണ്ടുപോയി.
വാട്ടർബോട്ടിലിൽ നിറച്ച പാനീയമാണ് സുധീർ സൊണാലിയെ കുടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സെണാലി ഫോഗട്ടിന് അഞ്ജുനയിലെ കുർലീസ് റെസ്റ്റോറന്റിൽ നിന്ന് പ്രതി മെതാംഫൈറ്റാമൈൻ എന്ന മയക്കുമരുന്ന് നൽകിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
വിഡിയോ കടപ്പാട്: എൻ.ഡി.ടി.വി
മയക്കുമരുന്നിന്റെ അവശിഷ്ടങ്ങൾ റെസ്റ്റോറന്റിലെ ശുചിമുറിയിൽ നിന്ന് പിടിച്ചെടുത്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദൽവി പറഞ്ഞു. ഇവരുടെ പേഴ്‌സണൽ അസിസ്റ്റന്റ് സുധീർ സാങ് വാൻ, മറ്റൊരു സഹായി സുഖ്‌വീന്ദർ സിംഗ്, കുർലീസ് റെസ്റ്റോറന്റിന്റെ ഉടമ എഡ്വിൻ ന്യൂൻസ്, മയക്കുമരുന്ന് വിൽപ്പനക്കാരൻ ദത്തപ്രസാദ് ഗാവോങ്കർ എന്നിവരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സിംഗ്, സാങ് വാൻ എന്നിവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയപ്പോൾ, നൂൺസിനും ഗാവോങ്കറിനും എതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഫോഗട്ടും മറ്റുള്ളവരും താമസിച്ചിരുന്ന അഞ്ജുനയിലെ ഹോട്ടൽ ഗ്രാൻഡ് ലിയോണി റിസോർട്ടിൽ റൂം ബോയ് ആയി ജോലി ചെയ്തിരുന്ന ഗാവോങ്കറാണ് മയക്കുമരുന്ന് എത്തിച്ച് നൽകിയത്.
ആഗസ്റ്റ് 23ന് രാവിലെ നോർത്ത് ഗോവയിലെ അഞ്ജുനയിലെ ആശുപത്രിയിൽ സൊണാലിയെ മരിച്ച നിലയിൽ എത്തിച്ചപ്പോൾ, ആദ്യം അത് ഹൃദയാഘാതമായിട്ടാണ് കരുതിയത്. എന്നാൽ സൊണാലിയുടെ കുടുംബം സംശയമുന്നയിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് കൊലപാതക സാധ്യതകൾ പുറത്തു വന്നത്.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ഇടപെട്ടതോടെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, ശരീരത്തിൽ ഒന്നിലധികം മുറിവുകൾ ഉണ്ടെന്ന് വെളിപ്പെട്ടു.
ആന്തരാവയവങ്ങൾ രാസപരിശോധനയ്ക്കും മറ്റും അയച്ചതാണ്. കുടുംബത്തിന്റെ ആവശ്യാനുസരണം ഗോവയ്ക്ക് പുറമെ ചണ്ഡീഗഡിലെ കേന്ദ്രത്തിലും ആന്തരാവയവങ്ങൾ പരിശോധിക്കും.ഫോഗട്ടിന്റെ കുടുംബം ബലാത്സംഗം ആരോപിച്ചെങ്കിലും പൊലീസ് ഇതുവരെ ആ കുറ്റങ്ങൾ ചുമത്തിയിട്ടില്ല. ഫോഗട്ടിന്റെ കുടുംബാംഗങ്ങൾ ശനിയാഴ്ച മനോഹർ ലാൽ ഖട്ടറിനെ കണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സി.ബി.ഐക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

