ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ; നോവുനിലമായി നൗഗാം
text_fieldsശ്രീനഗർ: നിമിഷനേരം കൊണ്ടാണ് നൗഗാം നോവുനിലമായത്. ഡല്‍ഹി സ്‌ഫോടന കേസിലെ അന്വേഷണത്തിനിടെ കണ്ടെത്തിയ സ്‌ഫോടകവസ്തുക്കളിൽനിന്ന് പരിശോധനക്കായി സാമ്പിൾ ശേഖരിക്കുകയായിരുന്നു അധികൃതർ. തദ്ദേശീയരായ ചിലരും പാക്കിങ് ജോലികൾക്കും മറ്റുമായി സഹായത്തിനെത്തിയിരുന്നു. ഏറെ കരുതലോടെയായിരുന്നു അവർ കാര്യങ്ങൾ ചെയ്തിരുന്നത്. രാത്രി 11.20 ഓടെയാണ് ഉഗ്ര സ്ഫോടനമുണ്ടായത്.
എന്താണ് സംഭവിച്ചതെന്ന് ആർക്കും പറയാൻ കഴിയുന്നില്ല. അടുത്തുനിന്ന് കണ്ടവർക്കാണ് കാര്യങ്ങൾ വിശദീകരിക്കാനാവുക. അവരാകട്ടെ ദാരുണമായി മരിച്ചു. ഗുരുതര പരിക്കേറ്റവരിൽനിന്ന് മൊഴിയെടുക്കണമെങ്കിൽ ആരോഗ്യനില മെച്ചപ്പെടണം. മറ്റുള്ളവർക്ക് ഒന്നും പറയാൻ കഴിയുന്നില്ല. വരും ദിവസങ്ങളിൽ അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
വൻ പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിക്കൂടിയവർ കരളലിയിക്കുന്ന കാഴ്ചയാണ് നൗഗാം പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ കണ്ടത്. ചിതറിത്തെറിച്ച ശരീരഭാഗങ്ങളും തളംകെട്ടിനിൽക്കുന്ന രക്തവും കണ്ടവർ പകച്ചുപോയി. അതിൽ തങ്ങളുടെ പ്രിയപ്പെട്ടവർ ആരെങ്കിലും ഉണ്ടോ എന്നറിയാനായി ആളുകൾ പരക്കംപായുന്നുണ്ടായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധമായിരുന്നു. പരിക്കേറ്റവരുമായി വാഹനങ്ങൾ ആശുപത്രികൾ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു. കൈമെയ് മറന്ന് നാട്ടുകാരും അധികൃതരുടെ കൂടെയുണ്ടായിരുന്നു.
കണ്ണീരായി മുഹമ്മദ് ശാഫി പാരി
നൗഗാം മസ്ജിദ് കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായിരുന്ന മുഹമ്മദ് ശാഫി പാരി (47) പൊലീസ് സ്റ്റേഷൻ അങ്കണത്തിലെ അപകടത്തിലെ കണ്ണീർ ചിത്രമായി. പാക്കിങ് ജോലികൾക്കും മറ്റുമായി വെള്ളിയാഴ്ച രാവിലെ പൊലീസ് അദ്ദേഹത്തെ സഹായത്തിന് വിളിച്ചതാണ്. ജുമുഅ നമസ്കാരത്തിനും ഭക്ഷണം കഴിക്കാനുമായി രണ്ടുവട്ടം അദ്ദേഹം വീട്ടിൽ പോയിവന്നു. പൊലീസിനെ സഹായിച്ചുകൊണ്ടിരിക്കെയാണ് രാത്രിയുണ്ടായ സ്ഫോടനത്തിൽ ജീവൻ വെടിയുന്നത്. നാട്ടുകാർ എന്തിനുമേതിനും വിളിച്ചാൽ ഓടിയെത്തുന്ന ആളായിരുന്നു ശാഫി.
അധികൃതരും അദ്ദേഹത്തെ ഉപയോഗപ്പെടുത്താറുണ്ട്. തയ്യൽക്കാരനായ ശാഫി പാരി ഭാര്യയും മൂന്ന് പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ്. വൈകീട്ട് പൊലീസ് സ്റ്റേഷനിലേക്ക് തന്നെ തിരിച്ചുപോകുമ്പോൾ ഇനി വരുന്നത് ജീവശ്വാസം നിലച്ചായിരിക്കുമെന്ന് പ്രിയതമയും മക്കളും ഒരിക്കലും കരുതിയില്ല. ശനിയാഴ്ച പുലർച്ചയാണ് സ്ഫോടനത്തിൽ പരിക്കേറ്റ ശാഫി മരിച്ചുവെന്നും മൃതദേഹം പരിശോധിക്കാൻ എത്തണമെന്നും ഭാര്യക്ക് പൊലീസിന്റെ സന്ദേശം ലഭിക്കുന്നത്. ഞെട്ടലിൽനിന്ന് മുക്തരായിട്ടില്ല കുടുംബവും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

