പൊതുസ്വത്ത് നശിപ്പിക്കുന്നതിനെതിരെ പുതിയ മാർഗനിർദേശങ്ങൾ
text_fieldsന്യൂഡൽഹി: പ്രതിഷേധങ്ങളുടെ പേരിൽ പൊതുസ്വത്ത് നശിപ്പിക്കുന്നതിനെതിരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മാർഗനിർദേശങ്ങൾ തയാറാക്കി. പടിയിറങ്ങുന്ന ദിവസമാണ് ദീപക് മിശ്രയുടെ നടപടി. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറഞ്ഞത്.
കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയും അറ്റോണി ജനറലും സമർപ്പിച്ച നിർദേശങ്ങൾക്കു പുറമെ തങ്ങളുടെ ചില നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് മാർഗനിർേദശമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
പത്മാവത് സിനിമക്കെതിരെ കർണിസേന നടത്തിയ പ്രക്ഷോഭം അക്രമാസക്തമാകുകയും കനത്ത നാശനഷ്ടങ്ങളുണ്ടാക്കുകയും െചയ്ത പശ്ചാത്തലത്തിലായിരുന്നു കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിഷേധങ്ങളുടെ മറവിൽ നടന്ന ആക്രമണങ്ങൾക്കെതിരെ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
പ്രതിഷേധത്തിെൻറ പേരിൽ ഗുണ്ടാസംഘങ്ങൾ അതിക്രമം നടത്തുകയാണെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. പി.വി. ദിനേശ് ചൂണ്ടിക്കാട്ടി. പ്രതിഷേധമുള്ളവർ സ്വന്തം വീട് കത്തിച്ച് വീര്യം പ്രകടിപ്പിക്കണമെന്നും മറ്റുള്ളവരുടെ വസ്തുവകകൾ നശിപ്പിച്ചുള്ള പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടിരുന്നു. ഡൽഹിയിലും ഉത്തർപ്രദേശിലും കാവടിസംഘങ്ങളുടെ അതിക്രമങ്ങൾ അസഹനീയമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും കുറ്റപ്പെടുത്തി.
ഇത്തരം അതിക്രമങ്ങൾ തടയാൻ എന്തുചെയ്യാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് അറ്റോണിയോട് ചോദിച്ചു. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തുടർന്നാണ് ഈ വിഷയത്തിൽ മാർഗനിർദേശം പുറപ്പെടുവിക്കാമെന്നും അതിനുള്ള നിർദേശങ്ങൾ ഹരജിക്കാരും അറ്റോണിയും സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
