‘ശരീഅത്തിന് പകരം ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്താൽ പരിഗണിക്കപ്പെടണം’; യുവതിയുടെ ഹരജിയിൽ കേന്ദ്രത്തോട് പ്രതികരണം തേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശരീഅത്തിന് നിയമത്തിനു പകരം ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം കൊണ്ട് പരിഗണിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ മുസ്‍ലിം യുവതി നൽകിയ ഹരജിയിൽ കേന്ദ്രസർക്കാറിന്റെ നിലപാട് ആരാഞ്ഞ് സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ‘എക്‌സ്’ മുസ്‍ലിംസ് ഓഫ് കേരള ജനറൽ സെക്രട്ടറിയും ആലപ്പുഴ സ്വദേശിനിയുമായ സഫിയ പി.എമ്മിന്റെ ഹരജി വന്നത്. ഹരജി താൽപര്യജനകമായ ചോദ്യങ്ങൾ ഉയർത്തുന്നതായി കേന്ദ്രത്തെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
മുസ്‍ലിമായാണ് ജനിച്ചതെന്നും എന്നാൽ, താൻ ശരീഅത്തിൽ വിശ്വസിക്കുന്നില്ലെന്നും ഇത് ഒരു ‘പിന്തിരിപ്പൻ നിയമ’മാണെന്ന് കരുതുന്നുവെന്നും ഹരജിക്കാരിയായ സ്ത്രീ ഉന്നയിച്ചതായി മേത്ത പറഞ്ഞു. വിഷയം പരിഗണിക്കാമെന്ന് പറഞ്ഞ ബെഞ്ച് എതിർ സത്യവാങ്മൂലം സമർപിക്കാൻ മേത്തയോട് ആവശ്യപ്പെട്ടു.
നിർദേശങ്ങൾ സ്വീകരിക്കാനും എതിർ സത്യവാങ്മൂലം രേഖപ്പെടുത്താനും മേത്ത മൂന്നാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. നാലാഴ്ച സമയം അനുവദിച്ച ബെഞ്ച് മെയ് 5ന് തുടങ്ങുന്ന ആഴ്ചയിൽ വാദം കേൾക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ 29ന് സുപ്രീംകോടതി ഈ ഹരജിയിൽ കേന്ദ്രത്തോടും കേരള സർക്കാറിനോടും പ്രതികരണം തേടിയിരുന്നു.
ഔദ്യോഗികമായി ഇസ്‌ലാം വിട്ടിട്ടില്ലെങ്കിലും താൻ അവിശ്വാസിയാണെന്നും ‘ആർട്ടിക്കിൾ 25’ പ്രകാരം മതത്തിനുള്ള മൗലികാവകാശം നടപ്പാക്കണമെന്നും അതിൽ ‘വിശ്വസിക്കാതിരിക്കാനുള്ള അവകാശം’ കൂടി ഉൾപ്പെടുത്തണമെന്നും ഹരജിക്കാരി പറഞ്ഞു.
മുസ്‍ലിം വ്യക്തിനിയമത്തിന് വിധേയരാകാൻ ആഗ്രഹിക്കാത്ത വ്യക്തികളെ, ഒസ്യത്തോടെയും ഇല്ലാതെയും ഉള്ള നിയമപരമായ പിന്തുടർച്ചാവകാശത്തിൽ, ‘രാജ്യത്തിന്റെ മതേതര നിയമം’ അഥവാ ‘ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം, 1925’ പ്രകാരം ഭരിക്കപ്പെടാൻ അനുവദിക്കണമെന്നും അവർ ഉന്നയിച്ചു.
അഭിഭാഷകനായ പ്രശാന്ത് പത്മനാഭൻ മുഖേന സമർപ്പിച്ച സഫിയയുടെ ഹരജിയിൽ, ശരീഅത്ത് നിയമപ്രകാരം മുസ്‍ലിം സ്ത്രീകൾക്ക് സ്വത്തിൽ മൂന്നിലൊന്ന് ഓഹരിക്കാണ് അർഹതയെന്ന് ചൂണ്ടിക്കാട്ടി. ഹരജിക്കാരി മുസ്‍ലിം വ്യക്തിനിയമത്തിന് വിധേയയല്ല എന്ന പ്രഖ്യാപനം കോടതിയിൽനിന്ന് വരണമെന്നും അല്ലാത്തപക്ഷം അവളുടെ പിതാവിന് സ്വത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ നൽകാൻ കഴിയില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തെയും മുസ്‍ലിംകളെ ഒഴിവാക്കുന്നതിനുള്ള മറ്റ് വ്യവസ്ഥകളെയും ചോദ്യം ചെയ്യുന്നതിനായി ഹരജി ഉചിതമായി ഭേദഗതി ചെയ്യാൻ സഫിയയെ സുപ്രീംകോടതി അനുവദിച്ചിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം മതത്തിനുള്ള മൗലികാവകാശത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ഉൾപ്പെടുത്തിയിരിക്കണമെന്ന് ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ശബരിമല കേസ്) വിധി ചൂണ്ടിക്കാട്ടി ഹരജിയിൽ ഉന്നയിച്ചു.
വിശ്വാസം ഉപേക്ഷിക്കുന്ന വ്യക്തിക്ക് അനന്തരാവകാശത്തിന്റെയോ മറ്റ് പ്രധാന പൗരാവകാശങ്ങളുടെയോ കാര്യങ്ങളിൽ വൈകല്യമോ അയോഗ്യതയോ ഉണ്ടാകരുതെന്നും ഹരജിയിൽ പറയുന്നു. രാജ്യത്തുടനീളമുള്ള വ്യാപകമായ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി വിഷയത്തിൽ ഇടപെടാൻ ഹരജിക്കാരി ബെഞ്ചിനോട് ആവശ്യപ്പെട്ടു.
സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകൾ എല്ലാ മുസ്‍ലിം സ്ത്രീകൾക്കും വേണ്ടിയുള്ളതാണെന്നും എന്നാൽ ഇപ്പോഴത്തെ ഹരജി മുസ്‍ലിമായി ജനിച്ച് മതം വിടാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണെന്നും അതിൽ പറയുന്നു.
ശരീഅത്ത് നിയമപ്രകാരം, ഇസ്‌ലാമിലെ വിശ്വാസം ഉപേക്ഷിക്കുന്ന വ്യക്തിയെ അവളുടെ സമുദായത്തിൽ നിന്ന് പുറത്താക്കും. അതിനുശേഷം അവളുടെ മാതാപിതാക്കളുടെ സ്വത്തിൽ ഒരു അനന്തരാവകാശത്തിനും അവൾക്ക് അർഹതയില്ലെന്നും ഹരജി വാദിച്ചു.
ഔദ്യോഗികമായി മതം ഉപേക്ഷിച്ചാൽ, ഏക മകളെന്ന നിലയിൽ സ്വത്തിലുള്ള തന്റെ പിൻഗാമിത്വത്തിന്റെ കാര്യത്തിൽ ശരീഅത്ത് നിയമം ബാധകമാക്കുന്നതിൽ ഹരജിക്കാരി ആശങ്ക പ്രകടിപ്പിച്ചു.
മുസ്‍ലിം വ്യക്തിനിയമം (ശരീഅത്ത്) അപേക്ഷാ നിയമത്തിലെ സെക്ഷൻ 2 അല്ലെങ്കിൽ 3ൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു കാര്യത്തിനും മുസ്‍ലിം വ്യക്തിനിയമം തന്നെ ഭരിക്കാൻ പാടില്ലെന്ന പ്രഖ്യാപനം വേണമെന്നും അവർ ആവശ്യപ്പെട്ടു.
ആർട്ടിക്കിൾ 25 പ്രകാരം മതം ആചരിക്കുന്നതിനും ആചരിക്കാതിരിക്കുന്നതിനും ഉള്ള വിലയേറിയ മൗലികാവകാശങ്ങൾ, ഭരണകൂടത്തിൽനിന്ന് അത്തരമൊരു സംരക്ഷണം ഇല്ലാത്തതിനാൽ അർത്ഥശൂന്യമായിത്തീർന്നുവെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

