ആരാധനാലയങ്ങളുടെ തൽസ്ഥിതി: സുപ്രീംകോടതി കേന്ദ്രത്തിൻെറ മറുപടി തേടി
text_fieldsന്യൂഡൽഹി: 1947 ആഗസ്റ്റ് 15ന് നിലവിലുള്ള ആരാധനാലയങ്ങളുടെ തൽസ്ഥിതി മാറ്റം വരുത്താനോ പൂർവസ്ഥിതിയിലാക്കാനോ പാടില്ലെന്ന നിയമത്തെ കോടതിയിൽ ചോദ്യംചെയ്യുന്നത് വിലക്കുന്നതിനെതിരെ നൽകിയ ഹരജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നോട്ടിസ് അയച്ചു.
1991ലാണ് ഈ നിയമം കൊണ്ടുവന്നത്. വ്യക്തികൾക്കോ മതസംഘടനകൾക്കോ നിയമപരമായ പരിഹാരം തേടുന്നത് തടയുന്നതാണ് 1991ലെ നിയമമെന്നാണ് ബി.ജെ.പി നേതാവ് അഡ്വ. അശ്വിനി ഉപാധ്യായ നൽകിയ ഹരജിയിൽ പറയുന്നത്. ഈ നിയമത്തിൽനിന്ന് ബാബരി മസ്ജിദിനെ ഒഴിവാക്കിയിരുന്നു.
മധുര, കാശി എന്നിവിടങ്ങളിൽ ഹിന്ദുത്വ സംഘടനകൾ അവകാശവാദമുന്നയിക്കുന്നതിനിടെയാണ് ഹരജി നൽകിയത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടിസ് അയച്ചത്.

