റേഷൻ കടകൾ വഴി സാനിറ്ററി പാഡ് വിതരണം; പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ്
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: റേഷൻ കടകൾ വഴി സ്ത്രീകൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യണമെന്ന പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി. സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിലെയും ഗ്രാമ പ്രദേശങ്ങളിലെയും സ്ത്രീകൾക്ക് ആർത്തവ ശുചിത്വ ഉൽപന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സരോജ് ബാല, ജ്യോതി അഗർവാൾ, സഞ്ജീവനി അഗർവാൾ, സ്വരാജ് സ്വരൂപ്, പ്രദീപ് ശേഖാവത്ത് എന്നിവരാണ് ഹരജി നൽകിയത്.
നിലവിൽ ജൻ ഔഷധി കേന്ദ്രങ്ങളിൽ ഒരു രൂപ നിരക്കിൽ സാനിറ്ററി പാഡുകൾ ലഭ്യമാണെങ്കിലും രാജ്യത്താകെ 19,000ത്തിലധികം ജൻ ഔഷധി കേന്ദ്രങ്ങൾ മാത്രമാണുള്ളത്. അതേസമയം 4.8 ലക്ഷത്തിലധികം റേഷൻ കടകൾ പ്രവർത്തിക്കുന്നതിനാൽ അവ വഴി സൗജന്യമായോ നിശ്ചിത ക്വാട്ട അടിസ്ഥാനത്തിലോ സാനിറ്ററി പാഡുകൾ വിതരണം ചെയ്താൽ അവ കൂടുതൽ സ്ത്രീകളിലേക്ക് എത്തിക്കാനാകുമെന്ന് ഹരജിയിൽ പറയുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഓരോ മാസവും സാനിറ്ററി പാഡുകൾ വാങ്ങാൻ കഴിയാത്ത സ്ത്രീകളും കൗമാരക്കാരികളും രാജ്യത്ത് ഏറെയാണെന്നും ഹരജിയിൽ പറയുന്നു. ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധ കുറവും സുരക്ഷിത ഉൽപന്നങ്ങളുടെ ലഭ്യതക്കുറവും ആരോഗ്യപ്രശ്നങ്ങൾക്കും അണുബാധകൾക്കും കാരണമാകുന്നുവെന്നും റേഷൻ കടകളിലൂടെ വിതരണം നടത്തുന്നത് ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി.
ഈ വർഷം ജനുവരിയിൽ ആർത്തവ ആരോഗ്യവും ശുചിത്വവും ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും അന്തസ്സോടെയുള്ള ജീവിതത്തിന്റെയും ഭാഗമാണെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്കൂൾ വിദ്യാർഥിനികൾക്ക് സൗജന്യ ഓക്സോ-ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കണമെന്നും പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
സ്കൂളുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയ ആർത്തവ ശുചിത്വ പദ്ധതികൾ സമൂഹത്തിലെ മുഴുവൻ സ്ത്രീകളിലേക്കും വ്യാപിപ്പിക്കേണ്ട സമയമായെന്നും രാജ്യത്തെ വിപുലമായ പൊതുവിതരണ ശൃംഖല ഇതിനായി ഉപയോഗപ്പെടുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വിശദീകരണം ലഭിച്ച ശേഷം തുടർനടപടികൾ സുപ്രീംകോടതി തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

