വംശീയ കലാപാഹ്വാനം: ബീരേൻ സിങ്ങിന്റെ ഓഡിയോ ക്ലിപ്പിൽ കൃത്രിമം സംശയിച്ച് ലാബ് റിപ്പോർട്ട്
text_fieldsബീരേൻ സിങ്
ന്യൂഡൽഹി: മണിപ്പൂരിൽ വംശീയകലാപത്തിന് മുന്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ് ആഹ്വാനം ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ റെക്കോഡിങ്ങിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഗുജറാത്തിലെ നാഷനല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എൻ.എഫ്.എസ്.എൽ). കൃത്രിമം നടന്നതിനാൽ ശബ്ദ താരതമ്യം ശാസ്ത്രീയമായി തെളിയിക്കാൻ സാധ്യമല്ലെന്നും എൻ.എഫ്.എസ്.എൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കലാപത്തിന് ആഹ്വാനം ചെയ്തുള്ള, ബീരേൻ സിങ്ങിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ കുക്കി ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ട്രസ്റ്റ് സമര്‍പ്പിച്ച ഹരജിയിലാണ് നാഷനല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനക്കയച്ചത്. എൻ.എഫ്.എസ്.എല്ലിന്റെ അന്തിമ റിപ്പോർട്ട് കേസിലെ കക്ഷികൾക്ക് നൽകാൻ നിർദേശിച്ച ബെഞ്ച് ഡിസംബർ എട്ടിന് വിഷയത്തിൽ കൂടുതൽ വാദം കേൾക്കുമെന്നും വ്യക്തമാക്കി.
ഡൽഹി ആസ്ഥാനമായ സ്വതന്ത്ര സ്ഥാപനമായ ട്രൂത്ത് ലാബില്‍ പരിശോധിച്ച ശബ്ദരേഖ 93 ശതമാനവും ശരിയാണെന്നും എൻ.എഫ്.എസ്.എൽ സർക്കാർ നിയന്ത്രണത്തിലുള്ള ലാബാണെന്നും ഒന്നര വർഷം മുമ്പ് ശബ്ദരേഖ കൈമാറിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹരജിക്കാര്‍ക്കുവേണ്ടി അഭിഭാഷകന് പ്രശാന്ത് ഭൂഷണ് വാദിച്ചു. എന്നാൽ, എൻ.എഫ്.എസ്.എൽ മികച്ച ലാബാണെന്നും അവരുടെ റിപ്പോർട്ട് സംശയിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കിയ കോടതി ഡിസംബർ അഞ്ചിന് കൂടുതൽ വാദം കേൾക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

