തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം; പുതിയ നിയമത്തിന് സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും തെരഞ്ഞെടുപ്പ് കമീഷണർമാരെയും നിയമിക്കുന്നതിന് പുതിയ സമിതി രൂപവത്കരിക്കാനുള്ള നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയുള്ള സമിതി കമീഷണർമാരെ നിയമിക്കുന്നത് ചോദ്യം ചെയ്ത് സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഹരജി നൽകിയത്.
എന്നാൽ, വിഷയത്തിൽ കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കാൻ ജസ്റ്റിസുമരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും ഉൾപ്പെടുന്ന ബെഞ്ച് നിർദേശിച്ചു. കഴിഞ്ഞ വർഷം പാർലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് ഹരജി സമർപ്പിച്ചത്. നേരത്തെ സുപ്രീംകോടതി നിർദേശിച്ചതിന് വിരുദ്ധമാണ് പുതിയ നിയമമെന്ന് സന്നദ്ധ സംഘടനക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
പുതിയ നിയമപ്രകാരം പ്രധാനമന്ത്രി ചെയർമാനായ നിയമന സമിതിയിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയുമാണ് സമിതി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

