ദലിത്-ആദിവാസി വിരുദ്ധ വിധി സുപ്രീംകോടതി തിരിച്ചു വിളിച്ചു
text_fieldsന്യുഡൽഹി: പട്ടിക ജാതി, പട്ടിക വർഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിൽ നേരത്തെ ഇറക്കിയ സ്വന്തം വിധി സുപ്രീംകോടതി തിരിച്ചുവിളിച്ചു. രാജ്യത്തുടനീളം ദലിത് പ്രേക്ഷാഭങ്ങൾക്കും നിരവധി പേരുടെ മരണത്തിനും നിമിത്തമായതിനെ തുടർന്നാണ് നിയമത്തിൽ വെള്ളം ചേർക്കാൻ ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ തന്നെ വിധി തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടത്. സർക്കാറിെൻറ പുതിയ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് അരുൺ മിശ്ര, എം.ആർ. ഷാ, ബി.ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് നിയമനിർമാണ സഭയുടെ അധികാര പരിധി ലംഘിച്ച വിധി പ്രസ്താവമാണ് മുൻ ജഡ്ജിമാരായ യു.യു ലളിതും എ.െക ഗോയലും നടത്തിയതെന്ന് കുറ്റപ്പെടുത്തി.
പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിനെതിരെ അതിക്രമം പ്രവർത്തിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യും മുമ്പ് അദ്ദേഹത്തെ നിയമിച്ച അഥോറിറ്റിയുടെ അനുമതി വാങ്ങണമെന്നും സാധാരണക്കാരനാണെങ്കിൽ എസ്.എസ്.പിയുടെ അനുമതി വാങ്ങണമെന്നും വിവാദ വിധിയിൽ സുപ്രീംകോടതി വ്യവസ്ഥ വെച്ചിരുന്നു. ഇവർക്ക് ആവശ്യമെന്ന് തോന്നിയാൽ മാത്രമേ അറസ്റ്റിന് അനുമതി നൽകാവൂ എന്നും വ്യവസ്ഥയിലുണ്ടായിരുന്നു. നിരപരാധികളെ കേസിൽപ്പെടുത്തുന്നത് ഒഴിവാക്കാനും ആരോപണം കെട്ടിച്ചമച്ചതല്ലെന്ന് ബോധ്യപ്പെടാനും ഡി.എസ്.പി പ്രാഥമിക അന്വേഷണം നടത്തണമെന്നും വിവാദ വിധി വ്യവസ്ഥ വെച്ചു.
ഭരണഘടനയുടെ 15(4) അനുഛേദം താഴെതട്ടിലുള്ള വിഭാഗങ്ങൾക്ക് ഉറപ്പുവരുത്തുന്ന സംരക്ഷണത്തിന് എതിരാണിതെന്ന് മൂന്നംഗ ബെഞ്ച് വിധിച്ചു. നിയമ നിർമാണ സഭ ചെയ്യാത്തത് നിയമം വ്യാഖ്യാനിച്ചുകൊണ്ട് കോടതികൾക്ക് ചെയ്യാനാവില്ലെന്ന് മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളുടെ 47,000 കേസുകൾ 2016ൽ മാത്രം രജിസ്റ്റർ ചെയ്തത് ഒാർമിപ്പിച്ച സുപ്രീംകോടതി അത്രയും എണ്ണം കേസുകൾ കെട്ടിച്ചമച്ചുണ്ടാക്കുന്നതല്ലെന്ന് കൂട്ടിച്ചേർത്തു.
പട്ടിക ജാതിക്കാരും പട്ടിക വർഗക്കാരുമായ ആളുകൾ ഉന്നത ജാതിക്കാർക്കെതിരെ നിയമം ദുരുപയോഗം ചെയ്യുമെന്ന ധാരണയുണ്ടെന്ന് സുപ്രീംകോടതി ചുണ്ടിക്കാട്ടി. കള്ളക്കേസ് കൊടുക്കുന്നതിന് ഒരാളുടെ ജാതിയും ഘടകമാണ് എന്ന് പറയാനാവില്ല. മാനുഷികമായ തെറ്റാണ് കള്ളക്കേസുകളെന്നും ജാതി അതിലൊരു ഘടകമല്ലെന്നും വിധി തുടർന്നു. ജാതിരഹിത സമൂഹമാണ് നമ്മുടെ ആത്യന്തിക ലക്ഷ്യമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
