ജന്തർ മന്തറിൽ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം: റീലെടുക്കുന്നവർ പത്രപ്രവർത്തകരല്ലെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അക്രമത്തിൽ നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സ്വയം മാധ്യമപ്രവർത്തകരെന്ന് വിശേഷിപ്പിക്കുന്നവർക്ക് മറ്റുള്ള അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ നിയമപരിരക്ഷ നൽകാനാകുമോയെന്നാണ് പരമോന്നത കോടതിയുടെ ചോദ്യം. ഫ്രീ സ്പീച്ച് കലക്ടീവ്, ഡൽഹി യൂനിയൻ ഓഫ് ജേണലിസ്റ്റ്സ്, കേരള പത്രപ്രവർത്തക യൂനിയൻ എന്നിവർ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. മാധ്യമപ്രവർത്തകരുടെ തൊഴിൽപരമായ അംഗീകാരവും സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും അവർക്ക് ലഭിക്കേണ്ട പരിരക്ഷ നിർണയിക്കുകയെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. ഡിജിറ്റൽ മാധ്യമരംഗത്ത് റീലുകൾ നിർമിക്കുന്നവരെയും കണ്ടന്റ് ക്രിയേറ്റർമാരെയും മാധ്യമപ്രവർത്തകരായി പരിഗണിക്കാനാകുമോയെന്ന് ഡൽഹി പൊലീസ് സത്യവാങ്മൂലത്തിൽ ചോദിച്ചിരുന്നു. മാധ്യമപ്രവർത്തകരെന്ന പേരിൽ ചിലർ പ്രതിഷേധത്തിൽ പങ്കെടുക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി പൊലീസ് ആരോപിച്ചു. കാമറയും മൈക്രോഫോണും ഉപയോഗിച്ച് ചില പ്രതിഷേധക്കാർ മാധ്യമപ്രവർത്തകരായി നടിച്ചെന്നുമാണ് പൊലീസിന്റെ മറ്റൊരു വാദം.
അതേസമയം, അംഗീകൃത മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഏഴ് മാധ്യമപ്രവർത്തകർക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടില്ലെന്ന് കേരള പത്രപ്രവർത്തക യൂനിയനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ് ചൂണ്ടിക്കാട്ടി. പരാതികൾ സുപ്രീംകോടതി മുൻ ജഡ്ജി ആർ. സുഭാഷ് റെഡ്ഡി അധ്യക്ഷനായ ഉന്നതതല അന്വേഷണ സമിതിക്ക് മുമ്പാകെ ഉന്നയിക്കാൻ കോടതി അനുമതി നൽകി. ക്രമസമാധാന പാലനത്തിനാവശ്യമായതിലധികം ബലപ്രയോഗം പൊലീസ് നടത്തിയിട്ടുണ്ടോയെന്ന് സമിതി പരിശോധിക്കും.
മാധ്യമപ്രവർത്തകരുടെ സഞ്ചാരസ്വാതന്ത്ര്യം, ജനാധിപത്യ അവകാശങ്ങൾ, പൊലീസിന്റെ ക്രമസമാധാന പാലന ചുമതല എന്നിവ തമ്മിലുള്ള സന്തുലനം സംബന്ധിച്ച ഭരണഘടനാപരമായ വിഷയങ്ങളും പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. പരാതികളുടെ മെറിറ്റിൽ കോടതി അന്തിമ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. ഫ്രീ സ്പീച്ച് കലക്ടീവ്, ഡൽഹി യൂനിയൻ ഓഫ് ജേണലിസ്റ്റ്സ്, കേരള പത്രപ്രവർത്തക യൂനിയൻ എന്നിവരാണ് ഹരജിക്കാർ.

