Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് പാരിതോഷികം നൽകുന്നത് തടയണം; മൂന്നംഗ സമിതിയെ നിയോഗിക്കാൻ സുപ്രീംകോടതി നിർദേശം

text_fields
bookmark_border
മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് പാരിതോഷികം നൽകുന്നത് തടയണം; മൂന്നംഗ സമിതിയെ നിയോഗിക്കാൻ സുപ്രീംകോടതി നിർദേശം
cancel

ന്യൂഡൽഹി: മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് വിദേശയാത്രകളും പാരിതോഷികങ്ങളും ഉൾപ്പെടെയുള്ള സൗജന്യങ്ങൾ നൽകി സ്വാധീനിക്കുന്ന പ്രവണത തടയാൻ കർശന നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് പഠിക്കാൻ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ഇതിനായി മൂന്നംഗ സമിതി രൂപീകരിക്കാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

മരുന്ന് കമ്പനികളുടെ വിപണന രീതികൾ നിയന്ത്രിക്കുന്നതിന് നിലവിലെ ചട്ടങ്ങൾക്ക് പകരം നിയമപരമായ നിയന്ത്രണങ്ങൾ (സ്റ്റാറ്റ്യൂട്ടറി ഫ്രെയിംവർക്ക്) ആവശ്യമുണ്ടോ എന്ന് സമിതി പരിശോധിക്കും. ബന്ധപ്പെട്ടവരിൽ നിന്നുള്ള നിർദേശങ്ങളും നിവേദനങ്ങളും പരിഗണിച്ച് സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകണം. സമിതി രൂപീകരിച്ചത് സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകിയ കോടതി, കേസ് ജനുവരി 29ന് വീണ്ടും പരിഗണിക്കും.

തങ്ങളുടെ ഉൽപന്നങ്ങളുടെ വിൽപന വർധിപ്പിക്കുന്നതിനായി ഡോക്ടർമാർക്ക് വൻതോതിൽ സമ്മാനങ്ങളും വിദേശയാത്രകളും കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇത്തരം പ്രലോഭനങ്ങൾ അനാവശ്യമായ മരുന്നുകൾ കുറിച്ച് നൽകാൻ ഡോക്ടർമാരെ പ്രേരിപ്പിക്കുന്നുണ്ടെന്നും ഇത് രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതിനൊപ്പം പൗരന്മാരുടെ ജീവിക്കാനും ആരോഗ്യത്തിനുമുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, മരുന്ന് കമ്പനികളുടെ വിപണന രീതികൾ നിയന്ത്രിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഡോക്ടർമാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ സമ്മാനങ്ങൾ, യാത്രാസൗകര്യങ്ങൾ, പണം എന്നിവ നൽകുന്നത് വിലക്കുന്ന 'യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിംഗ് പ്രാക്ടീസസ് (UCPMP) 2024' രാജ്യത്ത് നിലവിലുണ്ടെന്ന് കേന്ദ്രം വാദിച്ചു. എന്നാൽ, ഈ ചട്ടങ്ങൾക്ക് നിയമപരമായ പിൻബലമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. നിയമലംഘനം നടത്തുന്ന കമ്പനികൾക്കും ഡോക്ടർമാർക്കുമെതിരെ നടപടി സ്വീകരിക്കാൻ കർശനമായ നിയമം തന്നെ അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

മരുന്ന് കമ്പനികളുടെ ഇത്തരം വഴിവിട്ട ഇടപാടുകൾ നേരത്തെയും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 30 ഡോക്ടർമാർക്ക് മൊണാക്കോ, പാരീസ് എന്നിവിടങ്ങളിലേക്ക് ആഡംബര യാത്രയൊരുക്കാൻ അമേരിക്കൻ ഫാർമ ഭീമനായ ആബ്വി (AbbVie) 1.91 കോടി രൂപ ചെലവാക്കിയത് 2024ൽ സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ, ഡോളോ 650 ഗുളികയുടെ നിർമ്മാതാക്കളായ മൈക്രോ ലാബ്‌സ്, ഡോക്ടർമാർക്കായി 1000 കോടി രൂപയുടെ സൗജന്യങ്ങൾ നൽകിയതായി 2022ൽ ആദായനികുതി വകുപ്പ് (സി.ബി.ഡി.ടി) സുപ്രീംകോടതിയെ അറിയിച്ചതും വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സുപ്രീംകോടതിയുടെ പുതിയ നീക്കം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SC Orders Panel to Curb Pharma Freebies to Doctors
Next Story