പെല്ലെറ്റ് ഗൺ ഉപയോഗം: രജിസ്റ്റർ സൂക്ഷിക്കണം -സുപ്രീംകോടതി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർഥികളെ നേരിടാൻ വിന്യസിച്ച റാപിഡ് ആക്ഷൻ ഫോഴ്സിന്റെ (ആർ.എ.എഫ്) വെടിയുണ്ടകൾ, ഷെല്ലുകൾ, ആയുധങ്ങൾ എന്നിവയുടെ ഉപയോഗവും ശേഖരവും സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ രേഖപ്പെടുത്തി വെക്കുന്ന രജിസ്റ്റർ (അമ്യൂണിഷൻ ലോഗ്) സൂക്ഷിച്ചുവെക്കാൻ കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരും അടങ്ങുന്ന ബെഞ്ച് വിദ്യാർഥി പ്രക്ഷോഭത്തിൽ പെല്ലെറ്റ് ഗൺ ഉപയോഗിച്ച കാര്യം പരിശോധിക്കും.
കേന്ദ്ര മുൻ ഇൻഫർമേഷൻ കമീഷണറും വിരമിച്ച ഐ.പി.എസ് ഓഫിസറുമായ യശോവർധൻ ആസാദും പാർലമെന്റ് മാർച്ചിനിടെ ആർ.എ.എഫിന്റെ പെല്ലെറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ രണ്ടുപേരും സമർപ്പിച്ച ഹരജി കേൾക്കവേയാണ് കോടതി കേന്ദ്രത്തിന് നിർദേശം നൽകിയത്. പൂർണമായോ ഭാഗികമായോ ലോഹ ഭാഗങ്ങൾ നിറച്ച് പ്രയോഗിക്കുന്ന പെല്ലെറ്റ് ഗൺ രാജ്യവ്യാപകമായി നിരോധിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ആൾക്കൂട്ട നിയന്ത്രണത്തിന് അത്തരം ആയുധങ്ങളുടെ പ്രയോഗം ഭരണഘടന അനുശാസിക്കുന്ന നിലവാരത്തിന് ചേർന്നതല്ലെന്നാണ് വാദം. എന്നാൽ, ഈ ആയുധം അപ്പാടെ നിരോധിക്കണമെന്ന ആവശ്യം കോടതി ചോദ്യം ചെയ്തു. അസാധാരണ സാഹചര്യങ്ങളിൽ അതിന്റെ ഉപയോഗത്തിന് പൊലീസ് ഗവേഷണ, വികസന ബ്യൂറോ അനുമതി നൽകിയിട്ടുള്ള കാര്യം ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രക്ഷോഭ വേളയിലെ പെല്ലെറ്റ് ഗൺ ഉപയോഗം പരിശോധിക്കണമെന്ന് ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ആവശ്യപ്പെട്ടപ്പോഴാണ് അമ്യൂണിഷൻ ലോഗ് സൂക്ഷിക്കണമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് കോടതി നിർദേശം നൽകിയത്. പരിക്കേറ്റവർക്ക് മതിയായ നഷ്ടപരിഹാരവും, വിദഗ്ധ മെഡിക്കൽ പരിചരണവും നൽകണമെന്നും പൊതുതാൽപര്യ ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
‘പെല്ലെറ്റ് നിരോധിക്കാനാകില്ല’
ന്യൂഡൽഹി: അടിയന്തര ഘട്ടങ്ങളിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാ ഏജൻസികൾ പെല്ലെറ്റ് ഗണ്ണുകൾ ഉപയോഗിക്കുന്നത് നിലവിലുള്ള ഉപദേശക മാർഗനിർദേശങ്ങൾ അനുവദിക്കുന്ന കാലത്തോളം നിരോധിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. അതേസമയം, പെല്ലെറ്റിന്റെ ദുരുപയോഗ ആരോപണങ്ങൾ ഓരോ കേസിന്റെയും അടിസ്ഥാനത്തിൽ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

