ട്രസ്റ്റ് വിറ്റ ക്ഷേത്രഭൂമി വാങ്ങി വീടുവെച്ചു മുസ്‍ലിം കുടുംബങ്ങളെ ഒഴിപ്പിക്കാൻ സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: തമിഴ്നാട്ടിൽ ട്രസ്റ്റ് വിൽപനക്ക് വെച്ച ക്ഷേത്ര ഭൂമി വിലകൊടുത്ത് വാങ്ങി വീടുവെച്ച് താമസമാക്കിയ മുസ്‍ലിം കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന മദ്രാസ് ഹൈകോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. തമിഴ്നാട് കടയനെല്ലൂരിൽ മുസ്‌ലിം പള്ളിയും അറബിക് സ്കൂളും സ്ഥിതി ചെയ്യുന്ന 3.93 ഏക്കർ ഭൂമി അരുൾമിഗു അണ്ണാമലൈനാഥർ ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. വിൽപനയിലൂടെ പലർക്കും കൈമറിഞ്ഞ ഈ സ്ഥലത്തും ചുറ്റുവട്ടത്തും മുസ്‌ലിം കുടുംബങ്ങൾ ധാരാളമുണ്ട്. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും വിപുൽ പഞ്ചോലിയും അടങ്ങുന്ന ബെഞ്ചാണ് ഹൈകോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ചത്.
ലേല നടപടിയിലൂടെ സ്ഥലം വാങ്ങിയ വ്യക്തി 2004ൽ 13 പേർക്ക് മറിച്ചുവിൽക്കുകയും, അവർ പിന്നീട് 100 ലേറെ പേർക്ക് പ്ലോട്ട് തിരിച്ചുവിൽക്കുകയും ചെയ്തതാണ് തർക്കത്തിലേക്ക് എത്തിച്ചതെന്ന് മദ്രാസ് ഹൈകോടതിയിൽ എതിർ സത്യവാങ്‌മൂലം ഫയൽ ചെയ്ത ക്ഷേത്രത്തിന്‍റെ പരമ്പരാഗത ട്രസ്റ്റി എസ്. വൈദ്യനാഥൻ വ്യക്തമാക്കിയിരുന്നു. പ്ലോട്ടുകൾ വാങ്ങിയവരിൽ മിക്കവരും അവിടെ വീടുകൾ പണിത് കുടുംബമായി താമസവും തുടങ്ങി. പ്രാദേശിക മുസ്‍ലിം ജമാഅത്തിന്‍റെ വകയായി പള്ളിയും അറബിക് സ്കൂളും നിലവിലുണ്ടെന്നും സത്യവാങ്‌മൂലം വ്യക്തമാക്കി. അതിനോട് ചേർന്നുള്ള സ്ഥലങ്ങളിലും മുസ്‍ലിം കുടുംബങ്ങളാണെന്ന വസ്തുത കോടതി രേഖപ്പെടുത്തി.
1995ൽ ലേലം നടന്നപ്പോൾ അഞ്ചുപേരാണ് പങ്കെടുത്തത്. എന്നാൽ, ലേല നടപടികളിൽ ഗുരുതര ക്രമക്കേട് നടന്നതായി ഹൈകോടതി കണ്ടെത്തി. വിപണി മൂല്യത്തേക്കാൾ വളരെ കുറഞ്ഞ തോതിൽ വിൽപന നടന്നതായും ആരോപണം ഉയർന്നു. ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്‍മെന്‍റ് (എച്ച്.ആർ, സി.ഇ) നിയമത്തിന്‍റെ 34ാം വകുപ്പിന് കീഴിൽ എതിർപ്പുകൾ ഉന്നയിക്കപ്പെടുകയും ചെയ്തു. തുടർന്ന് 1997ൽ ലേല നടപടികൾ എച്ച്.ആർ, സി.ഇ റദ്ദാക്കിയെങ്കിലും വിൽപനക്ക് പ്രാബല്യം നൽകി 2002ൽ തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി.
എന്നാൽ, കൈയേറ്റക്കാർക്കെതിരെ എച്ച്.ആർ, സി.ഇ ഡിപ്പാർട്ട്‍മെന്‍റ് നിയമത്തിന്‍റെ 78ാം വകുപ്പിന് കീഴിൽ നടപടി ആരംഭിക്കുകയാണ് ചെയ്തത്. 83 കൈയേറ്റക്കാരാണ് ഉള്ളതെന്നും, അവരെ ഒഴിപ്പിക്കുന്നതിനുള്ള ഉത്തരവ് നിലവിലുണ്ടെന്നുമുള്ള തൽസ്ഥിതി റിപ്പോർട്ട് ഹൈകോടതി മുമ്പാകെ സമർപ്പിക്കുകയും ചെയ്തു. കൈയേറ്റക്കാർക്ക് വാടകക്കാരായി തുടരാൻ അവസരം വാഗ്‌ദാനം ചെയ്താണ് നോട്ടീസ് നൽകിയത്. ക്ഷേത്രത്തിന്‍റെയും ക്ഷേത്ര പ്രതിഷ്ഠയുടെയും താൽപര്യത്തിനാണ് സ്വകാര്യ താൽപര്യത്തേക്കാൾ മുൻതൂക്കമെന്നും ഹൈകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

