നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി സി.ബി.എസ്.ഇക്ക് നിർദേശം നൽകി. ഫലം പത്ത് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കണം. ഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈകോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതിയുടെ വിധി. സി.ബി.എസ്.ഇക്ക് പ്രവേശന പ്രക്രിയകൾ ആരംഭിക്കാമെന്നും കോടതി പറഞ്ഞു.
സി.ബി.എസ്.ഇ നൽകിയ ഹരജിയിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് പ്രഫുല്ല സി. പന്ത്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരുടെ അവധിക്കാല ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നീറ്റ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ഹരജികൾ സ്വീകരിക്കരുതെന്ന് രാജ്യത്തെ ഹൈകോടതികളോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 24നാണ് മദ്രാസ് ഹൈകോടതി ഫലം പ്രസിദ്ധീകരിക്കുന്നത് താൽക്കാലികമായി തടഞ്ഞത്. ഇംഗ്ലീഷിലും തമിഴിലും നൽകിയ ചോദ്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ച് നൽകിയ ഹരജികൾ പരിഗണിക്കവെയാണ് ഹൈകോടതി ഫലം സ്റ്റേ ചെയ്തത്. ഫലം പ്രസിദ്ധീകരിക്കാൻ കഴിയാതായതോടെ മെഡിക്കൽ േകാഴ്സുകളുടെ പ്രവേശന ഷെഡ്യൂൾ താളംതെറ്റിയിരിക്കയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി.എസ്.ഇ ഹരജി.
