Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുണാചൽ...

അരുണാചൽ മുഖ്യമന്ത്രിക്ക് തിരിച്ചടി; ബന്ധുക്കളുടെ കമ്പനികൾക്ക് കരാർ നൽകിയതിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

text_fields
bookmark_border
അരുണാചൽ മുഖ്യമന്ത്രിക്ക് തിരിച്ചടി; ബന്ധുക്കളുടെ കമ്പനികൾക്ക് കരാർ നൽകിയതിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്
cancel

ന്യൂഡൽഹി: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് പൊതുമരാമത്ത് കരാറുകൾ വഴിവിട്ട് നൽകിയെന്ന പരാതിയിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടാഴ്ചക്കകം അന്വേഷണം ആരംഭിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് നിർദ്ദേശം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

2015 ജനുവരി മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ നൽകിയ കരാറുകൾ, വർക്ക് ഓർഡറുകൾ എന്നിവ സി.ബി.ഐ പരിശോധിക്കും. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഏകോപനത്തിനായി ഒരു നോഡൽ ഓഫീസറെ നിയമിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ കേസുമായി ബന്ധപ്പെട്ട ഒരു രേഖയും നശിപ്പിക്കപ്പെടരുതെന്ന് കോടതി കർശനമായി പറഞ്ഞു. അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കി 16 ആഴ്ചക്കകം സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കണം.

'സേവ് മോൺ റീജിയൻ ഫെഡറേഷൻ', 'വോളന്ററി അരുണാചൽ സേന' എന്നീ സംഘടനകളാണ് മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യ, മാതാവ്, അനന്തരവൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് നിയമങ്ങൾ ലംഘിച്ച് ടെൻഡറുകൾ നൽകിയെന്നാണ് ഇവരുടെ ആരോപണം. മുഖ്യമന്ത്രിയുടെ ഭാര്യയുമായി ബന്ധമുള്ള 'മെസേഴ്സ് ബ്രാൻഡ് ഈഗിൾസ്' (M/s Brand Eagles) എന്ന കമ്പനിക്ക് വൻകിട നിർമാണ കരാറുകൾ നൽകിയെന്നും തവാങ് എം.എൽ.എയും ഖണ്ഡുവിന്റെ അനന്തരവനുമായ സെറിങ് താഷിക്ക് 'മെസേഴ്സ് അലയൻസ് ട്രേഡിംഗ് കോ' (M/s Alliance Trading Co) എന്ന കമ്പനി വഴി വഴിവിട്ട് കരാറുകൾ ലഭിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.

സംസ്ഥാനത്തെ ആകെ സർക്കാർ കരാറുകളിൽ ഏകദേശം മൂന്ന് ശതമാനത്തോളം മുഖ്യമന്ത്രിയുമായി കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട കമ്പനികൾക്കാണ് ലഭിച്ചതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. അരുണാചൽ പ്രദേശ് രാഷ്ട്രീയത്തിലെ കരുത്തനായ നേതാവാണ് പേമ ഖണ്ഡു. 2016 മുതൽ മുഖ്യമന്ത്രി സ്ഥാനത്തുള്ള അദ്ദേഹം മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ മകനാണ്. കോൺഗ്രസിലൂടെയാണ് മുഖ്യമന്ത്രിയായതെങ്കിലും പിന്നീട് പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിലേക്കും തുടർന്ന് ബി.ജെ.പിയിലേക്കും മാറി.

2024-ലാണ് ഹരജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന തലത്തിലുള്ള അന്വേഷണം സുതാര്യമാകില്ലെന്ന് കണ്ടാണ് സുപ്രീം കോടതി നേരിട്ട് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

നേരത്തെ, ഈ ഹരജി രാഷ്ട്രീയ പ്രേരിതമാണെന്ന് സംസ്ഥാന സർക്കാർ വാദിച്ചിരുന്നു. എന്നാൽ 2015 മുതൽ 2025 വരെയുള്ള കരാറുകളുടെ കൃത്യമായ വിവരങ്ങൾ സത്യവാങ്മൂലമായി നൽകാൻ കഴിഞ്ഞ ഡിസംബറിൽ കോടതി ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ഇപ്പോൾ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് വഴിയൊരുങ്ങിയത്. മുഖ്യമന്ത്രിയുടെ കുടുംബത്തെ നേരിട്ട് പ്രതിക്കൂട്ടിലാക്കുന്ന ഈ നീക്കം അരുണാചൽ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pema khanducbi investigationArunachal PradeshSupreme Court
News Summary - SC orders CBI inquiry into allegations that Arunachal PWD contracts were awarded to firms linked to CM Pema Khandu’s kin
Next Story