Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലക്ഷ്മണ രേഖയുണ്ടെന്ന്...

ലക്ഷ്മണ രേഖയുണ്ടെന്ന് മന്ത്രി കിരൺ റിജിജു; വീണ്ടും സുപ്രീംകോടതിക്കെതിരെ

text_fields
bookmark_border
kiren rijiju 897756a
cancel

ന്യൂഡൽഹി: വിവിധ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ഭരണഘടനയിൽ തന്നെ ലക്ഷ്മണ രേഖ വരച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ജഡ്ജിമാർ ഭരണപരമായ നിയമനങ്ങളിൽ ഇടപെടുമ്പോൾ നീതിനിർവഹണ സംവിധാനത്തിന്‍റെ ചുമതലകൾ ആര് നിറവേറ്റുമെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിന് പ്രത്യേക സമിതി നിർദേശിച്ചുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം.

'തെരഞ്ഞെടുപ്പ് കമീഷന്‍റെ നിയമനത്തെ കുറിച്ച് ഭരണഘടനയിൽ പറയുന്നുണ്ട്. പാർലമെന്‍റ് നിയമം നിർമിക്കേണ്ടതുണ്ട്. ഇതിനനുസരിച്ച് നിയമനം നടത്തണം. എന്നാൽ, പാർലമെന്‍റിൽ അതിനുള്ള നിയമനിർമാണം നടന്നിട്ടില്ലെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ, എല്ലാ പ്രധാനപ്പെട്ട നിയമനങ്ങളിലും ചീഫ് ജസ്റ്റിസോ ജഡ്ജിമാരോ ഇടപെടുകയാണെങ്കിൽ ആരാണ് നീതിനിർവഹണ സംവിധാനത്തിന്‍റെ ചുമതലകൾ നിറവേറ്റുക. ഭരണപരമായ നിരവധി കാര്യങ്ങൾ ഈ രാജ്യത്തുണ്ട്. ജഡ്ജിമാരുടെ പ്രാഥമികമായുള്ള ചുമതല നീതിനിർവഹണമാണ്. ജനങ്ങൾക്ക് നീതി നൽകിക്കൊണ്ട് ഉത്തരവുകൾ നൽകാനാണ് അവർ അവിടെയുള്ളത്. ഭരണപരമായ കാര്യങ്ങളിൽ ജഡ്ജിമാർ ഇടപെടുകയാണെങ്കിൽ അവർ വിമർശനം നേരിടേണ്ടി വരും' -റിജിജു പറഞ്ഞു.

ഈ മാസമാദ്യമാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിര്‍ണായക ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിനായി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതി രൂപീകരിക്കണം. ഈ സമിതി വേണം ശിപാർശ നൽകാൻ. തെരഞ്ഞെടുപ്പ് കമീഷനെ സ്വതന്ത്രമാക്കണമെന്നും നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയും കേന്ദ്ര സർക്കാറും തമ്മിൽ ജഡ്ജി നിയമനം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുകയാണ്. നിയമമന്ത്രി കിരൺ റിജിജു നേരത്തെയും സുപ്രീംകോടതിയെ വിമർശിച്ച് രംഗത്തെത്തുകയുണ്ടായി. നീതിന്യായ വ്യവസ്ഥ പ്രതിപക്ഷത്തിന്‍റെ ചുമതല നിർവഹിക്കണമെന്നാണ് ചിലർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 'ഇന്ത്യൻ നീതിന്യായ വ്യവസ്ഥ പ്രതിപക്ഷത്തിന്‍റെ ചുമതല നിർവഹിക്കണമെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. നീതിന്യായ വ്യവസ്ഥക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണിത്. പ്രതിപക്ഷത്തിന്‍റെ റോൾ വഹിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ ഇന്ത്യൻ ജുഡീഷ്യറി തന്നെ എതിർക്കുമെന്നാണ് ഞാൻ പറയുന്നത്. അങ്ങനെയൊന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ല' -മന്ത്രി പറഞ്ഞു.

Show Full Article
TAGS:kiren rijiju 
News Summary - SC order on EC appointments: Rijiju invokes 'Lakshman Rekha'
Next Story