അലീഗഢ് വി.സി നിയമന ഹരജി: ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ പിന്മാറി
text_fieldsന്യൂഡൽഹി: അലീഗഢ് മുസ്ലിം സർവകലാശാലയുടെ വൈസ് ചാൻസലറായി പ്രഫസർ നൈമ ഖാത്തൂണിനെ നിയമിച്ചതിനെതിരായ ഹരജി പരിഗണിക്കുന്നതിൽനിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ പിന്മാറി. ഖാത്തൂണിന്റെ നിയമനം ശരിവെച്ച അലഹബാദ് ഹൈകോടതി ഉത്തരവിനെതിരെ മുസാഫർ ഉറുജ് റബ്ബാനി സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ പിന്മാറാൻ സന്നദ്ധത അറിയിച്ചത്. സ്ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിത ഈ പദവിയിൽ എത്തുന്നത്.
സർവകലാശാല വൈസ് ചാൻസലറായിരുന്ന ഭർത്താവിന്റെ നിർണായക വോട്ട് നേടിയാണ് ഖാത്തൂൺ വൈസ് ചാൻസലറായതെന്നാണ് ഹരജിക്കാരെന്റ ആരോപണം. ഭാര്യക്കനുകൂലമായി ഭർത്താവ് വോട്ട് ചെയ്തത് ശരിയല്ലെന്ന് ഹരജിക്കാരൻ ആരോപിച്ചു. സി.എൻ.എൽ.യു (നാഷനൽ ലോ യൂനിവേഴ്സിറ്റി കൺസോർട്ട്യം) വൈസ് ചാൻസലറായിരിക്കെ, സമാനമായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ ബെഞ്ചിൽനിന്ന് സ്വയം പിന്മാറാൻ സന്നദ്ധത പ്രകടിപ്പിച്ചത്. സി.എൻ.എൽ.യു വൈസ് ചാൻസലറായി ഫൈസാൻ മുസ്തഫയെ തിരഞ്ഞെടുത്തപ്പോൾ താൻ ചാൻസലറായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ജസ്റ്റിസ് വിനോദ് ചന്ദ്രനിൽ പൂർണ വിശ്വാസമുണ്ടെന്നും പിന്മേറേണ്ട ആവശ്യമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ, ജസ്റ്റിസ് വിനോദ് ചന്ദ്രൻ തീരുമാനിക്കട്ടെയെന്നുപറഞ്ഞ ചീഫ് ജസ്റ്റിസ് മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റാൻ നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

