മുസഫർപുരിലെ മസ്തിഷ്കജ്വര മരണങ്ങൾ; സുപ്രീംകോടതി ഇന്ന് ഹരജി പരിഗണിക്കും
text_fieldsന്യൂഡൽഹി: ബിഹാറിലെ മുസഫർപുർ ജില്ലയിൽ മസ്തിഷ്ക ജ്വരം ബാധിച്ച് നിരവധി കുട്ടികൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകരായ മനോഹർ പ്രതാപ്, സംപ്രീത് സിങ് അജ്മാനി എന്നിവരാണ് ഹരജി നൽകിയത്. അതിനിടെ, ഞായറാഴ്ച ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 152 ആയി. 431 കുട്ടികൾ ചികിത്സയിൽ തുടരുകയാണ്.
മസ്തിഷ്കജ്വരം വ്യാപകമായ സാഹചര്യത്തിൽ 500 കിടക്കകളുള്ള ഐ.സി.യു, ആവശ്യമായ ഡോക്ടർമാർ തുടങ്ങിയവ എത്രയും വേഗം ലഭ്യമാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. മേഖലയിലെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും മസ്തിഷ്ക ജ്വരത്തിന് സൗജന്യ ചികിത്സ നൽകാൻ സർക്കാർ ഇടപെടണമെന്നും ഹരജിയിൽ പറയുന്നു.
കുട്ടികളുടെ മരണം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും ആശുപത്രികളിൽ മതിയായ ഡോക്ടർമാർ ഇല്ലെന്നും അഭിഭാഷകർ പറഞ്ഞു. രാജ്യത്ത് ഡോക്ടർമാരുടെയും ജനങ്ങളുടെയും അനുപാതം ഏറ്റവും കൂടിയ സംസ്ഥാനമാണ് ബിഹാർ.
17,685 പേർക്ക് ഒരു ഡോക്ടർ എന്ന നിലയിലാണിത്. ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത് 1000 പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
