ന്യൂഡല്‍ഹി: മംഗലാപുരത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന് കലാപകേസില്‍ കുടുക്കി ജയിലിലടച്ച 21 പേര്‍ക്ക് എട്ടു മാസത്തിന് ശേഷം ജാമ്യം.
കര്‍ണാടക ഹൈകോടതി അനുവദിച്ച ജാമ്യത്തിലൂടെ കഴിഞ്ഞ മാര്‍ച്ചില്‍ മോചിതരാകേണ്ടിയിരുന്ന 21 പേർക്കും സുപ്രീംകോടതി സ്റ്റേയിലാണ് അഞ്ചുമാസം കൂടി ജയിലില്‍ കഴിയേണ്ടി വന്നത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് നേരത്തേ സ്റ്റേ നൽകിയത്.
അഡ്വ. ഹാരിസ് ബീരാന് മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എട്ടുമാസം ജയിലില്‍ കിടന്നത് പരിഗണിച്ചാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്. കര്‍ണാടക ഹൈകോടതി ജാമ്യം നൽകിയതിനെ തുടർന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത സുപ്രീംകോടതിയില്‍ കര്‍ണാടകക്കുവേണ്ടി തിരക്കിട്ട് ഹാജരായി സ്റ്റേ വാങ്ങുകയായിരുന്നു.
ബുധനാഴ്ച ജാമ്യ ഹരജിയെ വീണ്ടും എതിര്‍ത്ത സോളിസിറ്റര്‍ ജനറല്‍, 21 പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് ബോധിപ്പിച്ചു. എന്നാൽ, അവര്‍ക്ക് അത്തരമൊരു പശ്ചാത്തലമില്ലെന്ന് ഹൈകോടതി പറഞ്ഞിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. കുറ്റപത്രം സമര്‍പ്പിച്ച സ്ഥിതിക്ക് ഇനിയും തടവിലിടുന്നതിൽ അര്‍ഥമില്ലെന്നും കൂട്ടിച്ചേര്‍ത്തു. പൊലീസ് വെടിവെപ്പിൽ മരിച്ചവരെപോലും പ്രതിയാക്കി ഏകപക്ഷീയമായാണ് അന്വേഷണം നടത്തിയതെന്ന് ഹൈകോടതി വിമര്‍ശിച്ചിരുന്നു.
ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പ്രതികള്‍ സംഭവസ്ഥലത്തില്ലായിരുന്നു എന്ന് ഹൈകോടതി പ്രഥമദൃഷ്ട്യാ നടത്തിയ നിരീക്ഷണം കേസിനെ ബാധിക്കുന്ന തരത്തില്‍ അന്തിമ തീര്‍പ്പായി കണക്കാക്കരുതെന്ന് പരാമർശിച്ച്, ചീഫ് ജസ്റ്റിസ് ബോബ്ഡെ ജാമ്യ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.