കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ഡിസംബർ 31നകം ആശുപത്രിയിലേക്ക് മാറ്റണം; ഇടപെടലുമായി സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ഒരു മാസത്തിലധികമായി ഖനൗരി അതിർത്തിയിൽ നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ പഞ്ചാബ് സർക്കാരിന് ഡിസംബർ 31 വരെ സമയം നൽകി സുപ്രീംകോടതി. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. സാഹചര്യം വഷളാക്കിയതിനും വൈദ്യ സഹായം നൽകണമെന്ന സുപ്രീംകോടതിയുടെ മുൻവിധികൾ പാലിക്കാത്തതിലും സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്.
അതേസമയം കർഷകരിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നതുകൊണ്ടാണ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്തതെന്ന് പഞ്ചാബ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രതിഷേധ സ്ഥലത്തെത്തി ദല്ലേവാളിനെ ആശുപത്രിയിലേയ്ക്ക് മാറ്റാനും വൈദ്യസഹായം നല്‍കാനും ശ്രമിച്ചിരുന്നുവെന്നും പഞ്ചാബ് അഡ്വ. ജനറല്‍ ഗുര്‍മീന്ദര്‍ സിങ് ബെഞ്ചിന് മുന്നില്‍ വ്യക്തമാക്കി.
ദല്ലേവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്ത കര്‍ഷക നേതാക്കള്‍ ആത്മഹത്യാ പ്രേരണകുറ്റത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ അനുവദിക്കാത്ത കര്‍ഷക നേതാക്കള്‍ അദ്ദേഹത്തിന്റെ അഭ്യുദയ കാംക്ഷികളല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ദല്ലേവാളിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി വൈദ്യ സഹായം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പഞ്ചാബ് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.
മിനിമം താങ്ങുവില നിയമപരമാക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത്. പഞ്ചാബിൽനിന്നെത്തിയ ഡൽഹി ചലോ മാർച്ചിനെ ഹരിയാന പൊലീസ് തടഞ്ഞതിനെ തുടർന്നാണ് കിസാൻ മോർച്ച (രാഷ്‌ട്രീയേതര വിഭാഗം) നേതാവ് ദല്ലേവാൾ നവംബര്‍ 26 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. കുറച്ച് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

