ന്യൂഡൽഹി: സി.ബി.െഎ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമായ കേസുകളുടെ സ്വഭാവം പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. സംസ്ഥാനങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് വ്യക്തത വേണമെന്ന ആവശ്യവുമായി സി.ബി.െഎ നൽകിയ ഹരജിയിലാണ് തീരുമാനം. ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ് ഉൾപ്പെട്ട കേസിൽ സി.ബി.െഎക്ക് അനുമതി നൽകേണ്ടത് വിചാരണകോടതിയാണെന്ന് ഡൽഹി ൈഹകോടതി ഉത്തരവിട്ടിരുന്നു.
ഇൗ ഉത്തരവിലെ ചില വശങ്ങൾ ചോദ്യം ചെയ്താണ് സി.ബി.െഎ സുപ്രീംകോടതിയിലെത്തിയത്. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ആർ.കെ. അഗർവാൾ, എ.എം. സാപ്രെ എന്നിവരടങ്ങുന്ന ബെഞ്ച് വീരഭദ്ര സിങിന് നോട്ടീസയക്കാൻ ഉത്തരവിട്ടു. മറുപടി നാലാഴ്ചക്കകം നൽകണം.
1946ലെ ഡൽഹി സ്പെഷൽ െപാലീസ് എസ്റ്റാബ്ലിഷ്മെൻറ് ആക്ടിെൻറ ആറാം വകുപ്പിൽ കേസുകളുടെ സ്വഭാവവും അനുമതിയും സംബന്ധിച്ച് വ്യക്തതയില്ലെന്ന് സി.ബി.െഎക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹ ചൂണ്ടിക്കാട്ടി.