മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം; ഹൈകോടതി ജഡ്ജിക്കെതിരായ അന്വേഷണം ഉപേക്ഷിച്ചു
text_fieldsന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് മുസ്‍ലിം വിഭാഗത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ ആഭ്യന്തര അന്വേഷണം നടത്താനുള്ള തീരുമാനം ഉപേക്ഷിച്ച് സുപ്രീംകോടതി.
മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഉത്തരവ് പ്രകാരം ആഭ്യന്തര അന്വേഷണം ആരംഭിക്കാനിരിക്കെ, ഇത്തരം നടപടികളിൽ അധികാരപരിധി ചൂണ്ടിക്കാട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിൽ കത്ത് ലഭിച്ചതിനെ തുടർന്നാണ് പിന്മാറ്റമെന്ന് നിയമവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. നടപടിക്രമങ്ങൾക്കുള്ള ഭരണഘടനാപരമായ അധികാരം രാജ്യസഭാ ചെയർമാനും രാഷ്ട്രപതിക്കും മാത്രമാണെന്ന് ചൂണ്ടിക്കാട്ടി മാർച്ചിലാണ് സുപ്രീംകോടതിക്ക് രാജ്യസഭ സെക്രട്ടേറിയറ്റ് കത്ത് നൽകിയത്.
ഡിസംബർ എട്ടിന് അലഹബാദ് ഹൈകോടതി പരിസരത്ത് നടന്ന പരിപാടിയിലാണ് ജഡ്ജി വിദ്വേഷ പ്രസംഗം നടത്തിയത്. ‘ഈ രാജ്യം ‘ഹിന്ദുസ്ഥാൻ’ ആണെന്ന് പറയാൻ തനിക്ക് ഒരു ശങ്കയുമില്ല. ഇവിടെ ജീവിക്കുന്ന ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ചാണ് രാജ്യം ചലിക്കുക. ഇതാണ് നിയമം. ഭൂരിപക്ഷക്കാർക്ക് അനുസരിച്ചാണ് നിയമം പ്രവർത്തിക്കുന്നത്. മുസ്‍ലിംകൾ നിരവധി ഭാര്യമാർ വേണമെന്നത് അവകാശമായി കരുതുന്നവരാണ്’ എന്നിങ്ങനെയാണ് ജഡ്ജിയുടെ വിദ്വേഷ പരാമർശങ്ങൾ. ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ ഡിസംബറിൽ പാർലമെന്റ് സമ്മേളനത്തിൽ ഇംപീച്ച്മെന്റ് പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ജഡ്ജിയെ സുപ്രീംകോടതി കൊളീജിയം വിളിപ്പിച്ച് വിശദീകരണം തേടുകയുണ്ടായി. പരസ്യമായി ഖേദം പ്രകടിപ്പിക്കാമെന്ന ഉറപ്പിൽ നടപടിയിലേക്ക് കടന്നില്ല. പിന്നീട് ഖേദം പ്രകടിപ്പിക്കാൻ തയാറാകാതെ വന്നതോടെയാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.