കരൂർ ദുരന്തം: മുഖ്യമന്ത്രി വിജയ്‌ക്കും മന്ത്രിമാർക്കും വിലക്കേർപ്പെടുത്തണമെന്ന ഡി.എം.കെ ആവശ്യം സുപ്രീം കോടതി തള്ളി
text_fieldsന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആദവ് അർജുനൻ എന്നിവർക്ക് പൊതുവേദികളിൽ അഭിപ്രായപ്രകടനം നടത്തുന്നതിന് വിലക്കേർപ്പെടുത്തണമെന്ന ഡി.എം.കെയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് കെ.വി. വിശ്വനാഥൻ, ജസ്റ്റിസ് അലോക് ആരാധ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കാൻ വിസമ്മതിച്ചത്.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും ജോലി നിയമന ഉത്തരവുകളും വിതരണം ചെയ്യാൻ ജൂലൈ 10-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പരിപാടി നിശ്ചയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ഡി.എം.കെ ജനറൽ സെക്രട്ടറി സുപ്രീം കോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണം നടക്കുന്ന കേസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പ്രസ്താവനകൾ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും, സംഭവത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുവാൻ ശ്രമിക്കുകയാണെന്നും ഡി.എം.കെക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചു.
എന്നാൽ, മുഖ്യമന്ത്രിയുടെ സന്ദർശനം സുപ്രീം കോടതി നിയന്ത്രിക്കണമോ എന്നും, അദ്ദേഹത്തിന്റെ യാത്രാപരിപാടി കോടതി നിശ്ചയിക്കണമോ എന്നും ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കോടതി നിയന്ത്രണം ഏർപ്പെടുത്തണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്നും കോടതി ആരാഞ്ഞു. കേസിൽ അന്വേഷണം നടത്താൻ സി.ബി.ഐയെ ചുമതലപ്പെടുത്തിയ കോടതി, രാഷ്ട്രീയ എതിരാളികൾ തമ്മിലുള്ള തർക്കത്തിന്റെ വേദിയാകാൻ തയാറല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
മുഖ്യമന്ത്രി വിജയ് കേസിൽ പ്രതിയാണെന്ന ഡി.എം.കെയുടെ വാദത്തെയും കോടതി തിരുത്തി. കേസിൽ മുഖ്യമന്ത്രി പ്രതിയല്ലെന്ന് വ്യക്തമാക്കിയ കോടതി, വസ്തുതകൾ പരിശോധിക്കാൻ അഭിഭാഷകന് നിർദ്ദേശം നൽകി. കേസിൽ ഉൾപ്പെട്ട മന്ത്രിമാർക്ക് എതിരെയാണ് ആരോപണങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.
ദുരന്തബാധിതർക്കുള്ള ധനസഹായ വിതരണം അന്വേഷണത്തെ എങ്ങനെയാണ് ബാധിക്കുകയെന്ന് ചോദിച്ച കോടതി, ഹരജി അപക്വമാണെന്ന് വിലയിരുത്തി. തുടർന്ന് നിയമപരമായ മറ്റ് മാർഗ്ഗങ്ങൾ തേടാൻ ഹരജിക്കാരന് സ്വാതന്ത്ര്യം നൽകിക്കൊണ്ടാണ് അപേക്ഷ തള്ളിയത്. സി.ബി.ഐ അന്വേഷണം നിരീക്ഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ സമിതിയെ സമീപിക്കാൻ ഹരജിക്കാരന് അവസരമുണ്ടെന്നും കോടതി വ്യക്തമാക്കി. മന്ത്രി ആദവ് അർജുനൻ നടത്തിയ പ്രസ്താവനകൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ പ്രത്യേക ഹരജി നൽകാനും കോടതി അനുമതി നൽകി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ വിജയിയുടെ പ്രചാരണ റാലിക്കിടെ തിക്കും തിരക്കിലുംപെട്ട് 41 പേർ ദാരുണമായി മരിച്ചിരുന്നു.സംഭവം നടന്ന് ഒരു മാസം കഴിഞ്ഞ് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

