തെരഞ്ഞെടുപ്പുകൾക്ക് മുമ്പായി സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് ആളുകളിൽ മടിയുണ്ടാക്കും; വിമർശനവുമായി സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകൾക്ക് മുമ്പായി സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെ വിമർശിച്ച് സുപ്രീംകോടതി. സൗജന്യമായി റേഷനും പണവുമെല്ലാം കിട്ടിയാൽ പിന്നെ ആളുകൾക്ക് ജോലി ചെയ്യാൻ മടിയുണ്ടാക്കുമെന്ന് കോടതി പറഞ്ഞു. നഗര പ്രദേശങ്ങളിൽ വീടില്ലാത്തവർക്ക് അഭയം ഒരുക്കുന്നതുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവെ ജസ്റ്റിസുമാരായ ബി.ആർ ഗവായ്, അഗസ്റ്റിൻ ജോർജ് മാസി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
''സൗജന്യങ്ങള്‍ കിട്ടുന്നതുകൊണ്ട് ജനങ്ങള്‍ ജോലിക്കു പോകില്ല. അവര്‍ക്ക് ഒരു ജോലിയും ചെയ്യാതെ തന്നെ റേഷനും പണംവും കിട്ടുന്നുണ്ട് ''- കോടതി പറഞ്ഞു. സൗജന്യങ്ങള്‍ കൊടുക്കുന്നതിനു പകരം ജനങ്ങളെ മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാക്കി, രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം നഗര ദാരിദ്ര്യ നിര്‍മാര്‍ജന മിഷന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി വരികയാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി കോടതിയെ അറിയിച്ചു. വീടില്ലാത്തവര്‍ക്ക് വീട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതില്‍ ഉൾപ്പെടുമെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു.
ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ എപ്പോള്‍ പ്രവര്‍ത്തന ക്ഷമമാവുമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹരജികള്‍ ആറാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

