ന്യൂഡൽഹി: ഉത്തരാഖണ്ഡ് ൈഹകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് കേന്ദ്രസർക്കാറിനോട് വീണ്ടും ശിപാർശ ചെയ്യാൻ സുപ്രീംകോടതി കൊളീജിയം തത്ത്വത്തിൽ തീരുമാനിച്ചു. എന്നാൽ, അതിനൊപ്പം ഏതാനും ഹൈകോടതി ചീഫ് ജസ്റ്റിസുമാരെക്കൂടി സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശിപാർശ ചെയ്യും. ഇക്കാര്യത്തിൽ വിശദചർച്ച നടത്താൻ 16ന് വൈകീട്ട് കൊളീജിയം വീണ്ടും ചേരും.
കെ.എം. ജോസഫിനെ വീണ്ടും ശിപാർശ ചെയ്യുേമ്പാൾ തന്നെ, ആ പേരുമാത്രമായി സർക്കാറിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാട് ശ്രദ്ധേയമാണ്. മറ്റുള്ള പേരുകൾക്കൊപ്പം അദ്ദേഹത്തിെൻറ പേര് നൽകുേമ്പാൾ സീനിയോറിറ്റി നഷ്ടപ്പെടും. പുതിയ ശിപാർശയായി കണക്കാക്കി, വേണമെങ്കിൽ വീണ്ടും തിരിച്ചയക്കാൻ സർക്കാറിന് പഴുതു തുറന്നുകിട്ടും. കൊളീജിയത്തിലെ ശീതസമരത്തിെൻറ ആഴമാണ് ഒരിക്കൽക്കൂടി വ്യക്തമാകുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഏറ്റവും മുതിർന്ന ജഡ്ജിമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, എം.ബി. ലോകുർ, കുര്യൻ േജാസഫ് എന്നിവർ ഉൾപ്പെട്ടതാണ് സുപ്രീംകോടതി കൊളീജിയം. എല്ലാ ജഡ്ജിമാരും യോഗത്തിൽ പെങ്കടുത്തു. സർക്കാറിലേക്ക് ശിപാർശ നൽകുന്നതിെൻറ എല്ലാ നടപടിക്രമങ്ങളും വെള്ളിയാഴ്ച തന്നെ പൂർത്തിയാക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ, ഭിന്നത വ്യക്തമാക്കി, കൂടുതൽ സാവകാശമെടുക്കുകയാണ് കൊളീജിയം.
സർക്കാറിലേക്ക് ശിപാർശ നൽകുന്നതിനു വേണ്ടി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മൂന്നാമത്തെ യോഗമാണ് അടുത്ത ബുധനാഴ്ച ചേരുന്നത്. രണ്ടു തവണത്തെ യോഗത്തിൽ ചർച്ച പൂർത്തിയാക്കാനായില്ല. വെള്ളിയാഴ്ചത്തെ യോഗമാകെട്ട, ജസ്റ്റിസ് ചെലമേശ്വർ ചീഫ് ജസ്റ്റിസിന് കത്തയച്ച പശ്ചാത്തലത്തിലാണ് നടന്നത്. സുപ്രീംകോടതിയിൽനിന്നുള്ള ശിപാർശ സർക്കാർ തിരിച്ചയച്ച പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട തുടർനടപടി വൈകുന്നതിനെതിരെയായിരുന്നു കത്ത്.
ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഹൈകോടതികളിൽനിന്നായി സുപ്രീംകോടതിയിലേക്ക് നാലു പേരെക്കൂടി നിയമിക്കാനുള്ള ശിപാർശയാണ് അടുത്ത കൊളീജിയം യോഗം ചർച്ചചെയ്യുക. സർക്കാർ തിരിച്ചയച്ച കെ.എം. ജോസഫിെൻറ പേര് ഇതിനൊപ്പമാണോ പ്രത്യേകമായി നൽകണമോ എന്ന കാര്യവും 16ന് തീരുമാനിക്കണം. എല്ലാവരുടെയും പേര് ഒന്നിച്ചു നൽകിയാൽ പുതിയ ശിപാർശ എന്ന മട്ടിൽ കണക്കാക്കി ജസ്റ്റിസ് േജാസഫിെൻറ പേര് വീണ്ടും തിരിച്ചയക്കാൻ സർക്കാറിന് പഴുതു കിട്ടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജോസഫിെൻറ ഫയൽമാത്രമായി സർക്കാറിലേക്ക് അയക്കാത്ത പശ്ചാത്തലം ശ്രദ്ധേയമാകുന്നത് ഇതിനിടയിലാണ്.