നാല് ഹൈകോടതികളിലെ 12 അഡീഷണൽ ജഡ്ജിമാരെ സ്ഥിരപ്പെടുത്താൻ അനുമതി നൽകി സുപ്രീം കോടതി കൊളീജിയം
text_fieldsന്യൂഡൽഹി: രാജ്യത്തെ വിവിധ ഹൈകോടതികളിലെ അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കൊളീജിയത്തിന്റെ നിർണായക തീരുമാനം. ആന്ധ്രാപ്രദേശ്, കേരളം, ഉത്തരാഖണ്ഡ്, ഗുവാഹത്തി എന്നീ നാല് ഹൈകോടതികളിലായി സേവനമനുഷ്ഠിക്കുന്ന 12 അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ കൊളീജിയം സമിതിയാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.
ആന്ധ്രാപ്രദേശ് ഹൈകോടതിയിൽ നിന്ന് അഞ്ച് ജഡ്ജിമാരെയാണ് സ്ഥിരം ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. ജസ്റ്റിസ് മഹേശ്വര റാവു കുഞ്ചെം, ജസ്റ്റിസ് തൂട ചന്ദ്ര ധന ശേഖർ, ജസ്റ്റിസ് ചല്ല ഗുണരഞ്ജൻ, ജസ്റ്റിസ് അവധാനി ഹരി ഹരനാഥ ശർമ്മ, ഡോ. ജസ്റ്റിസ് യാദവല്ലി ലക്ഷ്മണ റാവു എന്നിവരാണ് പട്ടികയിലുള്ളത്.
കേരള ഹൈകോടതിയിൽ നിന്നും അഞ്ച് ജഡ്ജിമാരുടെ നിയമനത്തിനും കൊളീജിയം അംഗീകാരം നൽകിയിട്ടുണ്ട്. ജസ്റ്റിസ് പി. കൃഷ്ണകുമാർ, ജസ്റ്റിസ് കെ.വി. ജയകുമാർ, ജസ്റ്റിസ് മുരളി കൃഷ്ണ എസ്., ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരെയാണ് കേരള ഹൈകോടതിയിൽ സ്ഥിരം ജഡ്ജിമാരായി നിയമിക്കുന്നത്.
ഇവക്ക് പുറമെ, ഉത്തരാഖണ്ഡ് ഹൈകോടതിയിൽ നിന്ന് ജസ്റ്റിസ് സുഭാഷ് ഉപാധ്യായെയും ഗുവാഹത്തിട ഹൈകോടതിയിൽ നിന്ന് ജസ്റ്റിസ് കൗശിക് ഗോസ്വാമിയെയും അഡീഷണൽ ജഡ്ജിമാരിൽ നിന്നും സ്ഥിരം ജഡ്ജിമാരായി ഉയർത്താൻ കൊളീജിയം തീരുമാനിച്ചു. ഔദ്യോഗികമായി പുറത്തിറങ്ങിയ കൊളീജിയം യോഗതീരുമാനങ്ങൾ പ്രകാരമാണ് ഈ നിയമന ശുപാർശകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

