ന്യൂഡൽഹി: സുപ്രീംകോടതിയിൽ കേസുകൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പുവരുത്താൻ ജഡ്ജിമാരും ബാർ അസോസിയേഷനും ഉൾപ്പെടെ നൽകിയ നിർദേശങ്ങൾ ചീഫ് ജസ്റ്റിസിെൻറ സജീവ പരിഗണനയിൽ.
കേസുകളും അവ കൈകാര്യംചെയ്യുന്ന ജഡ്ജിമാരുടെ പട്ടികയും മുൻകൂട്ടി വെബ്സൈറ്റിൽ നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉന്നത വൃത്തങ്ങൾ സൂചന നൽകി. ബോംബെ, ഡൽഹി ഹൈകോടതികളിൽ ഇൗ സംവിധാനം നിലവിലുണ്ട്. ഇതേ മാതൃക പിന്തുടരാനാണ് ആലോചിക്കുന്നത്.
പുതിയ സംവിധാനം നിലവിൽവരുന്നതോടെ ജഡ്ജിമാരുടെ വാർത്തസേമ്മളനവുമായി ബന്ധപ്പെട്ട് ഉയർന്ന തെറ്റിദ്ധാരണകൾ മാറുമെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് വികാസ് സിങ് പറഞ്ഞു. നിർണായക കേസുകൾ ജൂനിയർ ജഡ്ജിയുടെ ബെഞ്ചിലേക്ക് വിടുന്നുവെന്നായിരുന്നു നാലു ജഡ്ജിമാരുടെ പ്രധാന ആരോപണം.
ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് വിചാരണചെയ്ത സി.ബി.െഎ പ്രത്യേക ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് ചീഫ് ജസ്റ്റിസിെൻറ നിലപാടിനെതിരെ നാലു മുതിർന്ന ജഡ്ജിമാർ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചത്. ലോയയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്ന രണ്ടു ഹരജികളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തിങ്കളാഴ്ച വാദംകേൾക്കും.