കർണന്റെ ജാമ്യാപേക്ഷ തള്ളി; ശിക്ഷ റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി സി.എസ്. കർണന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സുപ്രീംകോടതി നേരത്തേ വിധിച്ച ആറു മാസത്തേ തടവ്ശിക്ഷയിൽ നിന്നും ഇളവ് തേടുന്ന ഹരജിയും സുപ്രീംകോടതി തള്ളിയിട്ടുണ്ട്. വേനലവധിക്ക് ശേഷം ഏഴംഗ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് സുപ്രിംകോടതി കർണനോട് ആവശ്യപ്പെട്ടു. കർണൻ ഇപ്പോൾ ജയിലിൽ കഴിയേണ്ടതാണെന്ന് ഡി.വൈ.ചന്ദ്രചൂർ, എസ്.കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച് കർണന്റെ അഭിഭാഷകനോട് വ്യക്തമാക്കി. കർണൻറെ അഭിഭാഷകൻ മാത്യൂസ് നെടുമ്പറയാണ് പരമോന്നത കോടതിയെ സമീപിച്ചത്.
ഒന്നരമാസമായി ഒളിവിലായിരുന്ന കർണനെ കോയമ്പത്തൂരിൽ വെച്ച് ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സഹജഡ്ജിമാർക്കും സുപ്രിംകോടതിക്കുമെതിരെ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട് മേയ് ഒമ്പതിനാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറു മാസത്തേക്ക് ശിക്ഷിച്ചത്.
ജൂൺ 17നാണ് കർണൻ സർവിസിൽനിന്ന് വിരമിച്ചത്. ഇദ്ദേഹത്തെ പിടികൂടാൻ പശ്ചിമബംഗാൾ പൊലീസ് കഴിഞ്ഞ ഒരു മാസക്കാലമായി തമിഴ്നാട്ടിൽ തമ്പടിച്ചിരിക്കുകയായിരുന്നു. ചെന്നൈയിൽ തലനാരിഴക്കാണ് കർണൻ രണ്ട് തവണ രക്ഷപ്പെട്ടത്. പിന്നീടാണ് കർണൻ കോയമ്പത്തൂർ- പൊള്ളാച്ചി റോഡിലെ മലുമിച്ചംപട്ടിയിലെ കർപഗം കോളജിന് സമീപത്തെ എലൈറ്റ് ഗാർഡൻ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച രാത്രി റിസോർട്ടിലേക്ക് ഇരച്ചുകയറി പൊലീസ് കർണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
