ന്യൂഡൽഹി: മോദി സർക്കാറിെൻറ കോവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചകൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി മയിലുകളെ നോക്കുന്ന തിരക്കിലാണെന്നും അതിനാൽ ജനങ്ങൾ സ്വന്തം ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ തേടണമെന്നും രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.
''ഇന്ത്യയിൽ ഈ ആഴ്ചയോടെ കോവിഡ് കേസുകൾ 50 ലക്ഷം കടക്കും. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 10 ലക്ഷവും കവിയും. ഒരു വ്യക്തിയുടെ അഹംഭാവത്തിെൻറ ഭാഗമായി പ്രഖ്യാപിച്ച ആകസ്മിക ലോക്ഡൗൺ രാജ്യത്ത് മുഴുവൻ കോവിഡ് വ്യാപിക്കുന്നതിലേക്ക് നയിച്ചു. മോദി സർക്കാർ പറയുന്നത് സ്വാശ്രയത്വം (ആത്മനിർഭർ) നേടണമെന്നാണ്. അതിനർഥം നിങ്ങൾ സ്വന്തം ജീവൻ രക്ഷിക്കുക. കാരണം പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്''- രാഹുൽ ട്വിറ്ററിൽ കുറിച്ചു.
മോദി സർക്കാർ ആസൂത്രണത്തോടെയല്ല ലോക്ഡൗൺ നടപ്പാക്കിയതെന്ന് രാഹുൽ നേരത്തെയും വിമർശിച്ചിരുന്നു. അപ്രതീക്ഷിത ലോക്ഡൗൺ മൂലം രാജ്യത്ത് 12 കോടിയിലധികം തൊഴിൽ നഷ്ടമുണ്ടായെന്നും സാമ്പത്തിക വളർച്ച ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.