സവർക്കർ പശുവിറച്ചി ഭക്ഷിച്ചിരുന്നു; ഗോവധം എതിർത്തിരുന്നില്ല -വിവാദമായി കർണാടക മന്ത്രിയുടെ പരാമർശം
text_fieldsബംഗളൂരു: വി.ഡി. സവർക്കറെ കുറിച്ച് നടത്തിയ പരാമർശത്തിൽ പുലിവാല് പിടിച്ച് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു. സവർക്കർ മാംസാഹാരി ആയിരുന്നുവെന്നും ഗോവധം എതിർത്തിട്ടില്ലെന്നുമായിരുന്നു ബംഗളൂരുവിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്.
''സവർക്കർ വെറും മാംസാഹാരി മാത്രമായിരുന്നില്ല. പശുവിറച്ചിയും കഴിച്ചിരുന്നു. ഇത് പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബ്രാഹ്മണനായിട്ടു കൂടി സവർക്കർ പരമ്പരാഗത ഭക്ഷണശീലങ്ങൾ പാലിച്ചില്ല. അദ്ദേഹം ആധുനിക വാദിയായിരുന്നു.''-ദിനേഷ് ഗുണ്ടു പറഞ്ഞു.
സവർക്കർ ബ്രാഹ്മണനായിരുന്നു. എന്നിട്ടും അദ്ദേഹം പശുവിറച്ചി കഴിച്ചു. ഗോവധത്തെ എതിർത്തിരുന്നില്ല.-മന്ത്രി പറഞ്ഞു. സംസാരത്തിനിടെ ഗാന്ധിജിയുടെയും സവർക്കറുടെയും വീക്ഷണങ്ങളെയും മന്ത്രി താരതമ്യം ചെയ്തു. സവർക്കറുടെ പ്രത്യയ ശാസ്ത്രം മതമൗലിക വാദത്തിലേക്ക് ചായുന്നതായിരുന്നു. എന്നാൽ ഗാന്ധിജിയുടെ വിശ്വാസങ്ങൾ ജനാധിപത്യത്തിൽ ഊന്നിയതും. പരമ്പരാഗത ഹിന്ദു ആചാരങ്ങളിൽ വിശ്വസിച്ച ഗാന്ധിജി ശുദ്ധ വെജിറ്റേറിയനായിരുന്നു. എല്ലാതരത്തിലും ജനാധിപത്യവാദിയായിരുന്നു അദ്ദേഹം.-ഗുണ്ടു പറഞ്ഞു.
സംസാരത്തിനിടെ മുഹമ്മദലി ജിന്നയെയും ദിനേഷ് ഗുണ്ടു പരാമർശിച്ചു. ജിന്ന ഒരിക്കലും എല്ലാം തികഞ്ഞ ഇസ്‍ലാംമത വിശ്വാസിയായിരുന്നില്ല. മുസ്‍ലിംകൾക്ക് നിഷിദ്ധമായ പന്നിമാംസം പോലും അദ്ദേഹം കഴിച്ചിരുന്നതായും ചിലർ അവകാശപ്പെട്ടിട്ടുണ്ട്. എന്നിട്ടും മുസ്‍ലിംകൾ ജിന്നയെ ഐക്കണായി കരുതി. അദ്ദേഹം ഒരു മതമൗലികവാദിയായിരുന്നില്ല. എന്നാൽ സവർക്കർ അങ്ങനെയായിരുന്നില്ല.-മന്ത്രി അവകാശപ്പെട്ടു.
മന്ത്രിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാവ് ആർ. അശോക് രംഗത്തുവന്നു. എന്തിനാണ് കോൺഗ്രസ് എല്ലായ്പ്പോഴും ഹിന്ദുക്കളെ ലക്ഷ്യമിടുന്നതെന്ന് ബി.ജെ.പി നേതാവ് ചോദിച്ചു. കോൺഗ്രസിന്റെ ദൈവം ടിപ്പു സുൽത്താനാണ്. എന്ത്കൊണ്ടാണ് കോൺഗ്രസ് എല്ലായ്പ്പോഴും ഹിന്ദുക്കളെ ലക്ഷ്യമിടുന്നത്. മുസ്‍ലിംകൾക്ക് നേരെ തിരിയുന്നില്ല? കോൺഗ്രസിന്റെ ചിന്താഗതി തന്നെ ആ തരത്തിലാണ്. തെരഞ്ഞെടുപ്പിൽ എല്ലാ ഹിന്ദുക്കളും കോൺഗ്രസുകാരെ പാഠം പഠിപ്പിക്കും -ബി.ജെ.പി നേതാവ് കുറ്റപ്പെടുത്തി.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കോൺഗ്രസിനെതിരെ രംഗത്തുവന്നു. സവർക്കറെ അപകീർത്തിപ്പെടുത്താൻ ആദ്യം ഇറങ്ങിത്തിരിച്ചത് രാഹുൽ ഗാന്ധിയാണെന്നും ഇപ്പോൾ അത് മറ്റ് കോൺഗ്രസ് നേതാക്കൾ ഏറ്റെടുത്തിരിക്കുകയാണെന്നും ഇവർക്ക് സവർക്കറെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നും ഫഡ്നാവിസ് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

