സത്യേന്ദർ ജെയിൻ ആശുപത്രിയിൽ കഴിയുന്നത് ഓക്സിജന്റെ സഹായത്താൽ; ലോക് നായക് ആശുപത്രിയിലേക്ക് മാറ്റും
text_fieldsന്യൂഡൽഹി: ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിൽ കഴിയുന്നത് ഓക്സിജന്റെ സഹായത്താലാണെന്നും ഇദ്ദേഹത്തെ ഉടൻ തന്നെ ലോക് നായക് ആശുപത്രിയിലേക്ക് മാറ്റുമെന്നും ആം ആദ്മി പാർട്ടി. തിഹാർ ജയിൽ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തിഹാർ ജയിലിലെ ശുചി മുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹത്തെ ലോക് നായക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിഹാർ മെഡിക്കൽ ടീം ആണ് അദ്ദേഹത്തെ ഇങ്ങോട്ട് റഫർ ചെയ്തത്.
ആശുപത്രിയിൽ വെച്ച് എക്സ് റെയും സ്കാനിങ്ങും എടുത്തു. ഡൽഹിയിൽ ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയാണ് ലോക് നായക് ആശുപത്രി.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് ജെയിനിനെ അറസ്റ്റ് ചെയ്തത്. ഒരു വർഷം കൊണ്ട് അദ്ദേഹത്തിന്റെ ശരീരഭാരം 35 കിലോ കുറഞ്ഞതായി എ.എ.പി നേതാക്കൾ ആരോപിച്ചിരുന്നു. നട്ടെല്ല് വേദനയും ശരീരത്തിന് ബലക്കുറവും അടക്കമുള്ള പ്രശ്‌നങ്ങൾ ജെയിനിനെ അലട്ടിയിരുന്നതായി മറ്റു ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു.