പാണ്ഡ്യരാജന്‍െറ കൂറുമാറ്റം ശശികലക്ക് തിരിച്ചടി
text_fieldsകോയമ്പത്തൂര്‍: തമിഴ്നാട് വിദ്യാഭ്യാസമന്ത്രി എം.പി. പാണ്ഡ്യരാജന്‍ ഒ. പന്നീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചത് ശശികല വിഭാഗത്തിന് തിരിച്ചടിയായി. കഴിഞ്ഞദിവസം ശശികലയോടൊപ്പം ഗവര്‍ണറെ സന്ദര്‍ശിച്ച മന്ത്രിമാരുടെ കൂട്ടത്തില്‍ പാണ്ഡ്യരാജനുമുണ്ടായിരുന്നു. ശശികലക്കുവേണ്ടി എം.എല്‍.എമാരില്‍നിന്ന് പിന്തുണ അറിയിക്കുന്ന കത്തുകളും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച നിവേദനങ്ങളും മറ്റും തയാറാക്കിയത് ഇദ്ദേഹമാണ്.
ശനിയാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് പാണ്ഡ്യരാജന്‍ നിലപാട് മാറ്റം വ്യക്തമാക്കിയത്. മൂന്നു വര്‍ഷം മുമ്പാണ് വിജയ്കാന്തിന്‍െറ ഡി.എം.ഡി.കെയില്‍നിന്ന് പാണ്ഡ്യരാജന്‍ അണ്ണാ ഡി.എം.കെയിലത്തെിയത്. 2016ല്‍ ജയലളിത ഇദ്ദേഹത്തെ മന്ത്രിസഭയിലുള്‍പ്പെടുത്തുകയായിരുന്നു. ശശികല കുടുംബാംഗങ്ങളുടെ അതിരുകടന്ന ഇടപെടലുകളിലെ അസംതൃപ്തിയാണ് പാണ്ഡ്യരാജന്‍െറ തീരുമാനത്തിന് കാരണം. വെള്ളിയാഴ്ച രാത്രി പാര്‍ട്ടി എം.പിമാരുടെ യോഗം ശശികല വിളിച്ചുകൂട്ടിയിരുന്നു.
ശനിയാഴ്ച രാവിലെ ഈ യോഗത്തില്‍ പങ്കെടുത്ത നാമക്കല്‍ എം.പി സുന്ദരവും കൃഷ്ണഗിരി എം.പി അശോക്കുമാറും പന്നീര്‍സെല്‍വത്തിന്‍െറ വീട്ടിലത്തെി പിന്തുണ പ്രഖ്യാപിച്ചു. പിന്നീട് മുതിര്‍ന്ന നേതാവായ സി. പൊന്നയ്യനും പന്നീര്‍സെല്‍വം ക്യാമ്പിലത്തെിയത് പ്രവര്‍ത്തകരില്‍ ആവേശം പടര്‍ത്തി.
അതിനിടെ തമിഴ്നാട് നിയമസഭയില്‍ തന്നെ പിന്തുണക്കുന്ന 64 എം.എല്‍.എമാരുടെ പട്ടിക പന്നീര്‍സെല്‍വം ഗവര്‍ണര്‍ക്ക് സമര്‍പിച്ചതായ വിവരം പുറത്തുവന്നു. വ്യാഴാഴ്ചയാണ് പന്നീര്‍സെല്‍വം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ചത്. നിലവില്‍ എം.പി. പാണ്ഡ്യരാജന്‍ ഉള്‍പ്പെടെ ആറ് എം.എല്‍.എമാരാണ് പന്നീര്‍സെല്‍വത്തോടൊപ്പം പരസ്യനിലപാട് സ്വീകരിച്ച് രംഗത്തുള്ളത്. ഇവര്‍ക്ക് പുറമെ രണ്ട് ലോക്സഭാംഗങ്ങളും ഒരു രാജ്യസഭാംഗവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
