വെടിയുണ്ടകൾ തുളച്ചുകയറിയ മൃതദേഹം; 35 വർഷം മുമ്പ് കൊല്ലപ്പെട്ട കശ്മീരി നഴ്സിന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ജമ്മുകശ്മീർ പൊലീസ്
text_fieldsശ്രീനഗർ: മൂന്ന് പതിറ്റാണ്ട് മുമ്പ് 27 കാരിയായ നഴ്സ് കൊല്ലപ്പെട്ട കേസിൽ പുനരന്വേഷണം തുടങ്ങി ജമ്മുകശ്മീർ പൊലീസ്. 35 വർഷം മുമ്പ് കശ്മീരി പണ്ഡിറ്റ് നഴ്സായിരുന്ന സരള ഭട്ട് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീർ പ്രത്യേക അന്വേഷണ സംഘമാണ് ശ്രീനഗറിലെ വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തുന്നത്. ശ്രീനഗറിലെ എട്ട് കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തിയതായി അന്വേഷണ സംഘം വ്യക്തമാക്കി.
1990 ഏപ്രിൽ 18ന് സരള ഭട്ടിനെ ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിറ്റേന്ന് രാവിലെ അവരുടെ മൃതദേഹം മല്ലാബാഗിലെ ഉമർ കോളനിയിൽ നിന്ന് കണ്ടെത്തി. മൃതദേഹത്തിൽ വെടിയുണ്ടകൾ തുളച്ചുകയറിയ നിലയിലായിരുന്നു.
സരള ഭട്ടിനെ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടുമായി ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് ജമ്മുകശ്മീർ പൊലീസിന്റെ കണ്ടെത്തൽ. പൊലീസിന് വിവരം കൊടുക്കുന്നയാൾ എന്ന രീതിയിലുള്ള കുറിപ്പും മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തിരുന്നു.
ഈ കേസിൽ നിജീൻ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ അന്നത്തെ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരാൻ സാധിച്ചില്ല.
സർക്കാർ ജോലി ഉപേക്ഷിച്ച് താഴ്വര വിടണമെന്ന നിർദേശങ്ങൾ സരള ഭട്ട് ലംഘിച്ചതും ജെ.കെ.എൽ.എഫിന്റെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. മരണശേഷവും സരള ഭട്ടിന്റെ കുടുംബത്തിന് ഭീഷണി നേരിടേണ്ടി വന്നു. അവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കരുതെന്ന് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കഴിഞ്ഞ വർഷം കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. വീണ്ടും വിശദമായി അന്വേഷണം നടത്തിയാൽ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നാണ് സരള ഭട്ടിന്റെ കുടുംബം കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

