ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ
text_fieldsന്യൂഡൽഹി: രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവകലാശാല സ്ഥിതിചെയ്യുന്ന പശ്ചിമ ബംഗാളിലെ ശാന്തിനികേതൻ പട്ടണം യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ. ശാന്തിനികേതനെ പൈതൃകപ്പട്ടികയിലുൾപ്പെടുത്തിയതായും ഇന്ത്യക്ക് അഭിനന്ദനമറിയിക്കുന്നതായും യുനെസ്കോ സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു.
ബിർഭും ജില്ലയിലുള്ള ശാന്തിനികേതന്‍ യുനെസ്കോയുടെ പൈതൃക പദവി ലഭിക്കാൻ ഇന്ത്യ ഏറെ നാളായി പരിശ്രമിക്കുകയായിരുന്നു. അന്താരാഷ്ട്ര ഉപദേശക സമിതിയായ ഐകോമോസ് ശാന്തിനികേതനെ മാസങ്ങൾക്കുമുമ്പ് ശിപാർശ ചെയ്തിരുന്നു.
ടാഗോറാൽ 1901ലാണ് ശാന്തിനികേതൻ സ്ഥാപിച്ചത്. 1921ൽ ഇവിടെ വിശ്വഭാരതി സർവകലാശാല നിലവിൽ വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിശ്വഭാരതി സർവകലാശാലയുടെ ചാൻസലർ. ശാന്തിനികേതൻ യുനെസ്കോയുടെ പട്ടികയിലെത്തിയതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.