Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്ചു വിശ്വനാഥ് സാംസൺ;...

സഞ്ചു വിശ്വനാഥ് സാംസൺ; ഇന്ത്യ വിടാതെ ട്വന്റി20 ലോകകിരീടം

text_fields
bookmark_border
സഞ്ചു വിശ്വനാഥ് സാംസൺ; ഇന്ത്യ വിടാതെ ട്വന്റി20 ലോകകിരീടം
cancel
camera_alt

അർധ ശതകം നേടിയ സഹ ഓപണർ അഭിഷേക് ശർമയെ സഞ്ജു സാംസൺ അഭിനന്ദിക്കുന്നു

അഹ്മദാബാദ്: 2023 ഏകദിന ലോകകപ്പ് ഫൈനലിലെ കണ്ണീർക്കഥകൾ മറന്നു കൊള്ളുക. മൊട്ടേരയിലെ മോദി സ്റ്റേഡിയത്തിൽ അന്ന് ആസ്ട്രേലിയക്ക് മുന്നിൽ കിരീടം അടിയറവ് വെച്ച നിരാശ മായ്ച്ച് ഇന്ത്യയുടെ ട്വന്റി20 ടീം. ന്യൂസിലൻഡിനെതിരായ ഫൈനലിൽ 96 റൺസ് ജയവുമായി ആതിഥേയർ തുടർച്ചയായ രണ്ടാം തവണയും ജേതാക്കളായി. മോശം ഫോമിനെത്തുടർന്ന് പഴിയേറെ കേട്ട മലയാളി ഓപണർ സഞ്ജു സാംസൺ (46 പന്തിൽ 89) ഒരിക്കൽക്കൂടി ബാറ്റുകൊണ്ട് കൊടുങ്കാറ്റായി. സഹ ഓപണർ അഭിഷേക് ശർമയുടെയും (21 പന്തിൽ 52) ഇഷാൻ കിഷന്റെയും (25 പന്തിൽ 54) അർധ ശതകങ്ങളും കരുത്തായപ്പോൾ ഇന്ത്യ 250 കടന്നു. മറുപടി‍യിൽ ബൗളർമാരും അവസരത്തിനൊത്തുയർന്നപ്പോൾ കിവികൾ 19 ഓവറിൽ 159 റൺസിൽ ബാറ്റ് വെച്ച് കീഴടങ്ങി. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത പേസർ ജസ്പ്രീത് ബുംറയാണ് ബൗളർമാരിൽ കേമനായത്. സ്പിന്നർ അക്ഷർ പട്ടേൽ മൂന്നുപേരെയും പുറത്താക്കി.

ചേട്ടാഭിഷേകം

വിജയ ഇലവനെത്തന്നെ ഇന്ത്യ നിലനിർത്തി. ഒരു മാറ്റവുമായാണ് കീവീസ് കളത്തിലിറങ്ങിയത്. കോൾ മക്കൻസിക്ക് പകരം ജേക്കബ് ടഫി ഇറങ്ങി. മാറ്റ് ഹെൻട്രി എറിഞ്ഞ പ്രഥമ ഓവറിലെ ആദ്യ നാല് പന്തുകളിൽ റണ്ണൊന്നും പിറന്നില്ലെങ്കിലും അഞ്ചാം പന്ത് മിഡ് ഓണിലൂടെ ഗാലറിയിലെത്തിച്ച് വരാൻ പോകുന്ന വെടിക്കെട്ടിന്റെ സൂചന നൽകി സഞ്ജു. ഗ്ലെൻ ഫിലിപ്സ് എറിഞ്ഞ രണ്ടാം ഓവറിൽ പക്ഷെ പിറന്നത് അഞ്ച് റൺസ് മാത്രം. ആദ്യ ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ഇരുവരും കത്തിക്കയറി. മൂന്നാം ഓവറിൽ ഡഫിയെ 15 റൺസ് അടിച്ചാണ് ഇന്ത്യൻ ഓപണർമാർ സ്വീകരിച്ചത്. ലോക്കി ഫെർഗൂസൺ എറിഞ്ഞ നാലാം ഓവറിൽ രണ്ടു വീതം സിക്സും ഫോറും അടക്കം 24 റൺസും. ഇടക്ക് സഞ്ജു ഒന്ന് പതുക്കെയായപ്പോൾ കണ്ടത് അഭിഷേകിന്റെ മിന്നലാട്ടം. അഞ്ചാം ഓവറിൽ ഹെൻട്രി വഴങ്ങിയത് 21 റൺസ്. ഡഫി എറിഞ്ഞ ആറാം ഓവറിൽ തുടരെ ഫോറും സിക്സും പറത്തിയ അഭിഷേക് 18 പന്തിൽ അർധ ശതകം പൂർത്തിയാക്കി. ആറ് ഓവർ പൂർത്തിയാവുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 92ൽ. ഈ ലോകകപ്പിലെ പവർപ്ലേയിൽ ഏത് ടീമും അടിച്ചെടുക്കുന്ന ഏറ്റവും ഉയർന്ന സ്കോർ.

ഇന്ത്യൻ വംശജനായ സ്പിന്നർ രചിൻ രവീന്ദ്ര വരവറിയിച്ചത് അഭിഷേകിനെ മടക്കിക്കൊണ്ടായിരുന്നു. എട്ടാം ഓവറിലെ ആദ്യ പന്തിൽ ഓപണർക്ക് പിഴച്ചു. ആറ് ഫോറും മൂന്ന് സിക്സുമടങ്ങിയ ഇന്നിങ്സ് വിക്കറ്റ് കീപ്പർ ടിം സീഫെർട്ടിന്റെ ഗ്ലൗസിൽ അവസാനിച്ചു. 98ൽ ആദ്യ വിക്കറ്റ് നഷ്ടം. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലാദ്യമായാണ് ഓപണിങ് കൂട്ടുകെട്ട് 50 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്. അഭിഷേക് നിർത്തിയിടത്തുനിന്ന് ഇഷാൻ തുടങ്ങി. പത്ത് ഓവറിൽ പിറന്നത് 127 റൺസ്. നേരിട്ട 33ാം പന്തിലായിരുന്നു സഞ്ജുവിന്റെ ലോകകപ്പിലെ തുടർച്ചയായ മൂന്നാം അർധ ശതകം. ഫെർഗുസൻ എറിഞ്ഞ 12ാം ഓവറിൽ സഞ്ജുവിന്റെ സിക്സറുകൾ. ഇഷാനും വിട്ടുകൊടുത്തില്ല. രവീന്ദ്രയെ ഹാട്രിക് സിക്സറടിച്ച് സഞ്ജു സെഞ്ച്വറിക്കരികിലേക്ക്. 15ാം ഓവറിൽ ഇന്ത്യ 200 കടന്നു. 23 പന്തിൽ ഇഷാന്റെ അർധ ശതകം. എന്നാൽ, ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെന്നപോലെ 89ലെ നിർഭാഗ്യം സഞ്ജുവിനെ വീണ്ടും പിടികൂടി. ജിമ്മി നീഷാമിന്‍റെ 16ാം ഓവറിലെ ആദ്യ പന്തിൽ സബ് ഫീൽഡർ മക്കൻസിക്ക് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. ഈ ഓവർ ഇന്ത്യക്ക് തിരിച്ചടി നൽകി. അഞ്ചാം പന്തിൽ ഇഷാനെ മാർക് ചാപ്മാൻ പിടിച്ചു. ക്യാപ്റ്റൻ സൂര്യ ആറാം പന്തിൽ ഗോൾഡൻ ഡക്കായി രവീന്ദ്രയുടെ കൈകളിൽ. നാലിന് 204. രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാനും ചേർന്ന് 48 പന്തിൽ 105 റൺസ് അടിച്ചെടുത്തിരുന്നു. ഇരുവരും മടങ്ങിയതോടെ ഇന്ത്യയുടെ സ്കോറിങ്ങിന്‍റെ വേഗതയും കുറഞ്ഞു.

നാലാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 13 പന്തിൽ 18 റൺസെടുത്ത് 19ാം ഓവറിൽ അഞ്ചാമനായി പുറത്തായി. അവസാന ഓവറിൽ നീഷാമിനെതിരെ ദുബെ പുറത്തെടുത്ത മിന്നും ബാറ്റിങ്ങാണ് സ്കോർ 250ന് മുകളിലെത്തിച്ചത്. ഈ ഓവറിൽ രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 24 റൺസ് അടിച്ചെടുത്തു ദുബെ. എട്ടു പന്തിൽ 26 റൺസുമായി ശിവം ദുബെയും ആറ് പന്തിൽ എട്ട് റൺസുമായി തിലക് വർമയും പുറത്താകാതെ നിന്നു. നീഷാം മൂന്ന് വിക്കറ്റ് വീഴ്ത്തി.

ചിറകൊടിഞ്ഞ് കിവി

കൂറ്റൻ സ്കോർ പിന്തുടർന്ന കിവീസ് നന്നായി തുടങ്ങിയെങ്കിലും പിന്നെ കാര്യങ്ങൾ കൈവിട്ടു. ഉജ്വല ഫോമിലുള്ള ഓപണർ ഫിൻ അലനെ (9) മൂന്നാം ഓവറിൽ അക്ഷർ പട്ടേൽ പറഞ്ഞുവിട്ടു. തിലക് വർമക്ക് ക്യാച്ച്. 34ൽ ആദ്യ വിക്കറ്റ്. തൊട്ടടുത്ത ഓവറിൽ രവീന്ദ്രയെ (1) ഇഷാൻ തകർപ്പൻ ക്യാച്ചിൽ മടക്കി ജസ്പ്രീത് ബുംറക്ക് വിക്കറ്റ് സമ്മാനിച്ചു. 32ൽ രണ്ടാം വിക്കറ്റ് വീണതോടെ ന്യൂസിലൻഡ് പതറി. അഞ്ചാം ഓവറിൽ ഗ്ലെൻ ഫിലിപ്സും (5). അക്ഷറിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. മറുതലക്കൽ ഓപണർ ടിം സീഫെർട്ട് പുറത്തെടുത്ത തകർപ്പനടികൾ കിവീസിന് ആശ്വാസമായി. എട്ടാം ഓവറിൽ മാർക് ചാപ്മാനെ (3) ഹാർദിക് കുറ്റിതെറിപ്പിച്ച് വിട്ടു. 26 പന്തിൽ 52 റൺസെടുത്ത സീഫെർട്ടായിരുന്ന അടുത്ത ഇര. വരുൺ ചക്രവർത്തിയുടെ ഓവറിൽ സീഫെർട്ട് ഇഷാന് മറ്റൊരു ക്യാച്ച് നൽകി. 72ൽ അഞ്ചാം വിക്കറ്റ് വീണതോടെ ന്യൂസിലൻഡ് തോൽവി ഉറപ്പിച്ചുതുടങ്ങി. 11 പന്തിൽ 17 റൺസായിരുന്നു ഡാരിൽ മിച്ചലിന്റെ സംഭാവന. സ്കോർ മൂന്നക്കം കടത്തിയ ഡാരിൽ-ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ കൂട്ടുകെട്ടിനും അക്ഷർ അന്ത്യമിട്ടു. ഇഷാന് മൂന്നാം ക്യാച്ച്. ആറിന് 124. പിന്നെയെല്ലാം ചടങ്ങായി. 35 പന്തിൽ 43 റൺസെടുത്ത സാന്റ്നറാണ് 150 കടത്തിയത്. സാന്റ്നറിനെയും നീഷാമിനെയും (8) ഹെൻട്രിയെയും (0) വീഴ്ത്തി ബുംറ ഇരകളുടെ എണ്ണം നാലാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju Samsonworld cupT20 World CupIndia
News Summary - Sanju Vishwanath Samson; T20 World Cup without leaving India
Next Story