'അച്ഛാ, ധീരനായ നിങ്ങളെ ഈ ലോകത്തിന് ആവശ്യമുണ്ട്...'; സഞ്ജീവ് ഭട്ടിന് ഇന്ന് 60ാം ജന്മദിനം, ആശംസ നേർന്ന് മക്കൾ
text_fieldsസഞ്ജീവ് ഭട്ടിന്‍റെ മക്കൾ എക്സിൽ പങ്കുവെച്ച ചിത്രം
ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദി സർക്കാറിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ പ്രതികാര നടപടിക്കിരയായി, അഞ്ചുവർഷമായി ജയിലിൽ കഴിയുന്ന മുൻ ഐ.പി.എസ് ഓഫിസർ സഞ്ജീവ് ഭട്ടിന് ഇന്ന് 60ാം ജന്മദിനം. പിതാവിന് ജന്മദിനാശംസ നേർന്ന് മക്കളായ ആകാശി സഞ്ജീവ് ഭട്ടും ശന്തനു സഞ്ജീവ് ഭട്ടും സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് വൈറലായി.
'പ്രിയപ്പെട്ട അച്ഛാ, ജീവിതത്തിൽ തിളക്കമാർന്ന 60 വർഷങ്ങൾ പിന്നിടുമ്പോൾ, ഒരിക്കലും വിട്ടുകൊടുക്കാതെ കെട്ടിപ്പിടിച്ചുകൊണ്ടും ആശംസകളാൽ മൂടിയും നമ്മുടെ വീട്ടിൽവെച്ച് ഈ ജന്മദിനം ആഘോഷിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് ഞങ്ങൾ ആഗ്രഹിക്കുകയാണ്. എല്ലാ ജന്മദിനങ്ങളും ആഘോഷിക്കുകയും വരാനിരിക്കുന്ന പുതിയ വർഷത്തെ വരവേൽക്കുകയും ചെയ്യുന്ന ഒരു കാലം അധികം അകലെയല്ലാതെ നമുക്കുണ്ടായിരുന്നു. എന്നാൽ, അഞ്ച് വർഷവും മൂന്ന് മാസവും 17 ദിവസവും പൂർത്തിയാവുന്ന അങ്ങയുടെ അസാന്നിധ്യത്തെയും അനീതി നിറഞ്ഞ ജയിൽവാസത്തെയും ഇന്ന് ഇവിടെ നിന്ന് നോക്കുമ്പോൾ പ്രതീക്ഷയുടെയും വിശ്വാസത്തിന്‍റെയും നങ്കൂരത്തെ ഞങ്ങൾ മുറുകെ പിടിക്കുകയാണ്, അടുത്ത വർഷം അങ്ങയുടെ ജന്മദിനം എല്ലാ സന്തോഷത്തോടുകൂടിയും വീട്ടിൽവെച്ച് ആഘോഷിക്കാനാവുമെന്ന പ്രതീക്ഷയിൽ.
അച്ഛാ, നിങ്ങൾക്കീ ലോകത്തെ വേണം. ധീരനും സത്യസന്ധനുമായ അങ്ങയെപ്പോലെയൊരാളെ ലോകം അർഹിക്കുന്നു. ഞങ്ങൾ നിങ്ങളെക്കുറിച്ചോർത്ത് എത്രത്തോളം അഭിമാനിക്കുന്നുവെന്ന് വാക്കുകൾ കൊണ്ട് രേഖപ്പെടുത്താനാവില്ല. നിങ്ങളുടെ ധൈര്യവും ശക്തിയും ദൃഢനിശ്ചയവും ഞങ്ങളെയും ലോകമെമ്പാടുമുള്ള പതിനായിരങ്ങളെയും പ്രചോദിപ്പിക്കുന്നത് തുടരുക തന്നെ ചെയ്യും.
കഴിഞ്ഞ അഞ്ച് വർഷം ഞങ്ങൾക്ക് കഠിനമായിരുന്നു. എന്നാൽ, അച്ഛൻ എപ്പോഴും പറയുന്നത് പോലെ നമ്മെ കൊല്ലാൻ കഴിയാത്തത് എന്തിനാണോ അത് ഞങ്ങളെ ശക്തരാക്കുന്നു. അച്ഛനെ തകർക്കാൻ കഴിയുമെന്നാണ് ഈ ക്രൂര ഭരണകൂടം കരുതിയത്. എന്നാൽ, നിങ്ങളെ ഉരുക്കുകൊണ്ടാണ് നിർമിച്ചതെന്ന് അവർക്കറിയില്ലല്ലോ. തകർക്കാൻ ശ്രമിക്കുന്തോറും അവർ നിങ്ങളെ കൂടുതൽ കൂടുതൽ ശക്തമാക്കുക മാത്രമാണല്ലോ ചെയ്യുന്നത്.
അച്ഛാ, നിങ്ങളെ ഞങ്ങൾ അത്രത്തോളം സ്നേഹിക്കുന്നു. സന്തോഷം നിറഞ്ഞ ഒരു ജന്മദിനം ആശംസിക്കുന്നു. ഇത് കഠിനമായ കാലമാണ്. എന്നാൽ, ഞങ്ങൾ വാക്കുനൽകുന്നു, ഈ ക്രൂരമായ ഭരണകൂടത്തിന്‍റെ കൈയിൽ നമുക്ക് നഷ്ടമായ സമയങ്ങൾ തിരികെ ലഭിക്കുക തന്നെ ചെയ്യും. സത്യസന്ധരും നിർഭയരുമായ വ്യക്തികൾ തടവിലാകുന്നത് അവസാനിക്കുക തന്നെ ചെയ്യും. അജ്ഞതയുടെയും നിസ്സംഗതയുടെയും ഗാഢനിദ്രയില്‍ നിന്ന് ഉണര്‍ന്ന് ഞങ്ങള്‍ അറിയുകയും സ്‌നേഹിക്കുകയും ചെയ്ത ഇന്ത്യക്ക് വേണ്ടി പോരാടുന്ന, ഇന്ത്യന്‍ ജനതയുടെ ഹൃദയത്തിലും മനസ്സിലും പുതിയ ഉണര്‍വിലേക്ക് ഈ പുതുവര്‍ഷം നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിനായി പ്രാർഥിക്കുകയും ചെയ്യുന്നു.
ജന്മദിനാശംസകൾ അച്ഛാ, നിങ്ങള്‍ക്ക് എല്ലാ സന്തോഷവും സ്‌നേഹവും ആരോഗ്യവും നേരുന്നു.' -ആകാശിയും ശന്തനുവും സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. പിതാവിനും മാതാവ് ശ്വേത ഭട്ടിനുമൊപ്പമുള്ള ചിത്രവും മക്കൾ സഞ്ജീവ് ഭട്ടിന്‍റെ ജന്മദിനത്തിൽ പങ്കുവെച്ചിട്ടുണ്ട്.
2018 മുതൽ ജയിലിൽ കഴിയുന്ന ഭട്ടിന് ജാമ്യം അനുവദിച്ചിട്ടില്ല. നരേന്ദ്ര മോദി സർക്കാർ 2002ലെ ഗുജറാത്ത് വംശഹത്യക്ക് ഒത്താശ ചെയ്തു എന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. എന്നാൽ, ഭട്ട് ഉൾപ്പെടെയുള്ളവരുടെ വാദങ്ങൾ സുപ്രീംകോടതി തള്ളുകയും മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഢാലോചന ആരോപിച്ച് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

