Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയിൽ ചേർന്ന...

ബി.ജെ.പിയിൽ ചേർന്ന രണ്ട് ആപ് എം.പിമാരെയും വേട്ടയാടിയത് ഇ.ഡി; ഒരാളെ സി.ബി.ഐ

text_fields
bookmark_border
ബി.ജെ.പിയിൽ ചേർന്ന രണ്ട് ആപ് എം.പിമാരെയും വേട്ടയാടിയത് ഇ.ഡി; ഒരാളെ സി.ബി.ഐ
cancel
camera_alt

രാഘവ് ഛദ്ദ, അശോക് മിത്തൽ, സ്വാതി മലിവാൾ

ന്യൂഡൽഹി: ആപ് എം.പിമാർ ബി.ജെ.പിയിൽ ചേർന്നത് ഇ.ഡി, സി.ബി.ഐ വേട്ടയാടലിന് പിന്നാലെയെന്ന് ആം ആദ്മി പാർട്ടി. നിലവിൽ പാർട്ടി വിട്ട ഏഴ് എം.പിമാരിൽ രണ്ടുപേരെ ഇ.ഡിയും ഒരാളെ സി.ബി.ഐയുമാണ് വിവിധ കേസുകളിൽ പ്രതിചേർത്ത് ചോദ്യം ചെയ്തത്.

വനിതാ കമീഷൻ നിയമനത്തിലാണ് സ്വാതി മലിവാളിനെ സി.ബി.ഐ പ്രതിയാക്കിയത്. ഡൽഹി ജൽ ബോർഡ് അഴിമതിക്കേസിൽ രാഘവ് ഛദ്ദയെ ഇ.ഡി പിന്തുടരുന്നുണ്ട്. ഇതിന് പുറമേയാണ് ലവ്‍ലി പഞ്ചാബ് യൂനിവേഴ്സിറ്റി ഉടമ അശോക് മിത്തൽ കഴിഞ്ഞ ഏതാനും ദിവസമായി തുടർച്ചയായി ഇ.ഡി റെയ്ഡ് നേരിട്ടുകൊണ്ടിരിക്കുന്നത്.

കേന്ദ്ര ഏജൻസികളെ ഇറക്കിയുള്ള ഓപറേഷൻ ലോട്ടസ് ആണ് എം.പിമാരു​ടെ കൂട്ടകൂറുമാറ്റത്തിന് പിന്നിലെന്ന് ആപ് ആരോപിച്ചു. ബി.ജെ.പി ‘വാഷിങ്മെഷീനി’ലൂടെ വെളുപ്പിക്കലാണിതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഒരു കാലത്ത് തന്റെ വലംകൈയായിരുന്നവരുടെ കൂറുമാറ്റത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രൂക്ഷമായ പ്രതികരണത്തിനുപുറമെ രാജ്യസഭാ നേതാവ് സഞ്ജയ് സിങ് ഡൽഹിയിലും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ചണ്ഡിഗഢിലും വാർത്താസമ്മേളനം നടത്തി. കൂറുമാറിയവരെ വഞ്ചകരെന്ന് വിശേഷിപ്പിച്ച സഞ്ജയ് സിങ് പഞ്ചാബ് ജനത അവരോട് പൊറുക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.

ആം ആദ്‌മി പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ രാഘവ് ഛദ്ദ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്, ഡൽഹി വനിതാ കമീഷൻ മുൻ അധ്യക്ഷയും ആദ്യകാലം മുതലുള്ള നേതാവുമായ സ്വാതി മലിവാൾ, പാർട്ടിയുടെ തന്ത്രജ്ഞനും ഐ.ഐ.ടി ഡൽഹി പ്രഫസറുമായ സന്ദീപ് പഥക്, ലവ്‍ലി പ്രഫഷനൽ സർവകലാശാലാ ചാൻസലർ അശോക് മിത്തൽ, സംരംഭകനും വിദ്യാഭ്യാസ വിദഗ്ധനുമായ വിക്രം സാഹ്നി, വ്യവസായിയും ട്രൈഡന്റ് ഗ്രൂപ്പ് സ്ഥാപകനുമായ രജീന്ദർ ഗുപ്ത എന്നീ ഏഴ് രാജ്യസഭ എം.പിമാരാണ് പാർട്ടി വിട്ടത്. ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു കൈമാറിയതായി ഛദ്ദ, പാഠക്, മിത്തൽ എന്നിവർ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിക്കുകയായിരുന്നു.

ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് രാജ്യസഭാംഗങ്ങളാണ് കൂറുമാറിയത്. ഇതോടെ രാജ്യസഭയിലെ ബി.ജെ.പി അംഗസംഖ്യ 106ൽ നിന്ന് 113 ആയി ഉയർന്നു. രാജിവെച്ച ഏഴുപേരിൽ രാഘവ് ഛദ്ദക്കും അശോക് മിത്തലിനുമൊപ്പം ആം ആദ്മി പാർട്ടിയുടെ ബുദ്ധികേന്ദ്രം സന്ദീപ് പഥക്കും വെള്ളിയാഴ്ച വൈകീട്ട് ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തി. അഖിലേന്ത്യാ പ്രസിഡന്റ് നിതിൻ നബിൻ ബൊക്കെയും മധുരവും നൽകി ഇവരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു. ഇവർക്കൊപ്പം പാർട്ടി വിട്ട രാജ്യസഭാംഗങ്ങളായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്, വിക്രംജിത് സാഹ്നി, സ്വാതി മലിവാൾ, രജീന്ദർ ഗുപ്ത എന്നിവർ ഡൽഹിയിലില്ലാത്തതിനാൽ പിന്നീടാകും ബി.ജെ.പിയിൽ ചേരുക.

കൂറുമാറ്റം ബാധകമല്ലാത്ത ഭരണഘടനാ വ്യവസ്ഥയുടെ ആനുകൂല്യം ഉപയോഗിച്ചാണ് ആപ്പിന്റെ രാജ്യസഭാംഗങ്ങളിൽ മൂന്നിൽ രണ്ടുപേരും പാർട്ടിയിലെ അംഗത്വവും സ്ഥാനങ്ങളും രാജിവെച്ച് ബി.ജെ.പിയിലേക്ക് മാറുന്നതെന്ന് മുതിർന്ന ആപ് നേതാവ് രാഘവ് ഛദ്ദ വ്യക്തമാക്കി. അതേസമയം മൂന്ന് പേർക്കുമെതിരെ നിയമനടപടിയെടുക്കുമെന്നാണ് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്. മറ്റു നാലുപേരെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

2024ൽ കെജ്രിവാളുമായി അകന്ന രാഘവ് ഛദ്ദ അദ്ദേഹത്തിന്റെ അറസ്റ്റ് സമയത്ത് ഇംഗ്ലണ്ടിൽ പോയി അവിടെനിന്ന് ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. ഇതറിഞ്ഞതോടെ പാർട്ടിയിൽ രാഘവ് ഛദ്ദയെ ഒതുക്കി അദ്ദേഹത്തിനെ രാജ്യസഭാ ഉപനേതാവിന്റെ പദവിയിൽനിന്ന് കെജ്രിവാൾ നീക്കി. എന്നാൽ, ഛദ്ദക്ക് പകരംവെച്ച അശോക് മിത്തലിനെ ലക്ഷ്യമിട്ട കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് അദ്ദേഹത്തിന്റെ സർവകലാശാല റെയ്ഡ് ചെയ്യിച്ചു. അതോടെ അദ്ദേഹവും വഴങ്ങുകയായിരുന്നു.

പഞ്ചാബിൽനിന്ന് ആപ് എം.പിമാരാക്കിയ രാഘവ് ഛദ്ദയും സന്ദീപ് പഠകും ഒഴികെയുള്ളവരെല്ലാം കോടികൾ നൽകിയാണ് പെയ്ഡ് രാജ്യസഭാ സീറ്റ് തരപ്പെടുത്തിയതെന്ന് വിമർശനമുയർന്നിരുന്നു. ഡൽഹിയിൽനിന്ന് ആം ആദ്മി പാർട്ടി രാജ്യസഭയിലെത്തിച്ച സ്വാതി മലിവാൾ ഒഴികെയുള്ള ആറുപേരും പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗങ്ങളാണ്. ബൽബീർ സിങ് സീചേവാൾ മാത്രമാണ് ഇനി ആപ്പിന്റെ പഞ്ചാബിലെ രാജ്യസഭാംഗമായി അവശേഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapOperation LotusED raiddefectionCBI
News Summary - Sanjay Singh: ED, CBI being misused to break AAP MPs
Next Story