കോൺഗ്രസ്-എൻ.സി.പി ലയന ആവശ്യം സജീവം
text_fieldsന്യൂഡൽഹി: ബി.ജെ.പിയുടെ രാഷ്ട്രീയത്തിനെതിരെ പോരാടാൻ കോൺഗ്രസ് വിട്ടുപോയ എല്ലാ മതേതര പ്രാദേശിക പാർട്ടികളും വീണ്ടും കോൺഗ്രസിൽ ലയിക്കണമെന്ന ചർച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്നു. കോൺഗ്രസ് ഒരിക്കലും മുങ്ങുന്ന കപ്പലല്ലെന്നും ടി.എം.സി, എൻ.സി.പി (എസ്.പി) തുടങ്ങിയ പാർട്ടികൾ കോൺഗ്രസിലേക്ക് മടങ്ങണമെന്നും ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്.
മതേതര പാർട്ടികൾ കോൺഗ്രസിൽ ലയിക്കണമെന്ന ചിന്താഗതി ദേശീയ തലത്തിൽ ശക്തിപ്പെടുന്നുണ്ടെന്നും അതിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് നാനാ പടോലെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്തും വിഷയം ഉന്നയിക്കുന്നത്.
ബി.ജെ.പിയുടെ വികൃത രാഷ്ട്രീയത്തിനെതിരെ പോരാടാൻ ശരദ് പവാർ ഈ ലയന നീക്കങ്ങൾക്ക് മുൻകൈയെടുക്കണമെന്നും റാവത്ത് പുണെയിൽ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, ഇത്തരത്തിൽ യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നാണ് കെ.സി. വേണുഗോപാൽ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളും ടി.എം.സി, എൻ.സി.പി നേതാക്കളും പറയുന്നത്. ലയനവുമായി ബന്ധപ്പെട്ട് ഒരുവിധ നിർദേശവും തങ്ങളുടെ പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ആർക്കും അങ്ങോട്ട് അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലെന്നും എൻ.സി.പി നേതാവ് സുപ്രിയ സുലെ വ്യക്തമാക്കി. സഞ്ജയ് റാവത്ത് തങ്ങൾക്ക് മൂത്ത സഹോദരനെപ്പോലെയാണെന്നും നിർദേശങ്ങൾ നൽകാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നും അവർ പറഞ്ഞു.
മമത ബാനർജിയും അഭിഷേക് ബാനർജിയും സോണിയ ഗാന്ധി ഉൾപ്പെടെയുള്ളവരെ കണ്ടത് ഇൻഡ്യ മുന്നണി സജീവമാക്കുന്നതുമായി ബന്ധപ്പെട്ടാണെന്നും മാധ്യമങ്ങൾ ഉണ്ടാക്കുന്ന കിംവദന്തി മാത്രമാണെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
പശ്ചിമ ബംഗാളിലെ തോൽവിക്ക് പിന്നാലെ പിളർപ്പ് രൂക്ഷമായ ടി.എം.സി നിലനിൽപ് പ്രതിസന്ധിയിലാണ്. പിളർപ്പിന് പിന്നാലെ എൻ.സി.പിക്കും പഴയ ശക്തിയില്ലാതായി. ഇതിനിടയിലാണ് ലയന ചർച്ചകൾ അന്തരീക്ഷത്തിൽ സജീവമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

