എത്ര കാലം നിങ്ങൾ ഒളിച്ചിരിക്കും?; വിമത എം.എൽ.എമാരോട് സഞ്ജയ് റാവത്ത്
text_fieldsമഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹാരി സിർവാൾ
ന്യൂഡൽഹി: അസമിൽ തുടരുന്ന ബി.ജെ.പി എം.എൽ.എമാരെ രൂക്ഷമായി വിമർശിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. എത്ര കാലം നിങ്ങൾ അസമിൽ ഒളിച്ചിരിക്കുമെന്ന് റാവത്ത് ട്വീറ്റ് ചെയ്തു. വിമത എം.എൽ.എമാരെ അയോഗ്യരാക്കുമെന്നറിയിച്ച് നോട്ടീസയച്ച മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹാരി സിർവാളിന്റെ ഫോട്ടോ പങ്കുവെച്ചാണ് റാവത്തിന്‍റെ ട്വീറ്റ്.
നിങ്ങൾ ഇനിയും എത്രനാൾ ഗുവാഹത്തിയിൽ തന്നെ ഒളിച്ചിരിക്കും. നിങ്ങൾക്ക് ഉടൻ തന്നെ മഹാരാഷ്ട്രയിലേക്ക് തിരികേ വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ നർഹാരി സിർവാളിന്റെ ഫോട്ടോയും ഇതിന്‍റെ കൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
എൻ.സി.പിയിൽ നിന്നുള്ള സ്പീക്കർക്കെതിരെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എം.എൽ.എമാർ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ വിമതർക്ക് നോട്ടീസ് അയക്കുന്നതിനോടൊപ്പം തനിക്കെതിരെ വന്ന അവിശ്വാസ പ്രമേയവും സിർവാൾ തള്ളിക്കളഞ്ഞു.
34 വിമത എം.എൽ.എമാർ ഒപ്പുവെച്ച അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിന്റെ ഓഫീസിൽ സമർപ്പിക്കുന്നതിന് പകരം ജൂൺ 22 ന് അജ്ഞാത ഇമെയിൽ ഐ.ഡി വഴി അയക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. എന്നാൽ അജ്ഞാത ഇമെയിൽ ഐ.ഡി വഴിയാണ് അപേക്ഷ ലഭിച്ചതെന്ന കാരണം ചൂണ്ടിക്കാട്ടി ഇതിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത് സ്പീക്കർ പ്രമേയം തള്ളികളഞ്ഞു. അതിനിടെ നോട്ടീസിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് വിമത നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.