സഞ്ജയ് ദത്ത് വിളിച്ച് മറാത്തിയിൽ സംസാരിച്ചു; വിവാദം തണുപ്പിച്ച് മഹാരാഷ്ട്ര മന്ത്രിയുടെ ഇടപെടൽ
text_fieldsമുംബൈ: മറാത്തി പഠിക്കാനായില്ലെന്ന പരാമർശം തമാശയായി പറഞ്ഞതാണെന്ന് നടൻ സഞ്ജയ് ദത്ത് ഫോണിൽ വിളിച്ചതായി മഹാരാഷ്ട്ര മന്ത്രി പ്രതാപ് സർനായിക്. വ്യാഴാഴ്ച സഞ്ജയ് മന്ത്രിയെ വിളിച്ച് മറാത്തിയിൽ സംസാരിച്ചതായും തനിക്ക് മറാത്തി നന്നായി അറിയാമെന്നും പരാമർശം തെറ്റായ സന്ദേശം നൽകിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും പറഞ്ഞതായും മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. ‘പ്രതാപ് ഭായ്, ജയ് മഹാരാഷ്ട്ര’ എന്ന അഭിവാദ്യത്തോടെയാണ് സഞ്ജയ് സംഭാഷണം ആരംഭിച്ചതെന്നും കുറിപ്പിലുണ്ട്. വിഷയത്തിൽ സഞ്ജയ് ദത്ത് ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല.
ഓട്ടോറിക്ഷാ ഡ്രൈവർമാർ മറാത്തി പഠിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണം ശിവസേന നടത്തുന്നതിനിടെയാണ് ദത്തിന്റെ പരാമർശം വിവാദമായത്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ വലിയൊരു വിഭാഗം.
താനെയിൽ സർനായികിന്റെ സംസ്കൃതി യുവ പ്രതിഷ്ഠാൻ സംഘടിപ്പിച്ച ദഹി ഹണ്ടി പരിപാടിയിലായിരുന്നു സഞ്ജയ് ദത്തിന്റെ പരാമർശം. അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച കേസിൽ യെർവാദ ജയിലിൽ കഴിഞ്ഞപ്പോഴും മറാത്തി പഠിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു സഞ്ജയ്ന്റെ പരാമർശം. നടൻ സുനിൽ ഷെട്ടി, ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ ഭൂരിഭാഗം പേരും മറാത്തിയിലാണ് സംസാരിച്ചത്.
മറാത്തി പഠന പ്രചാരണത്തിന്റെ പ്രധാന മുഖങ്ങളിലൊരാളായ സർനായികിന്റെ പരിപാടിയിൽ ദത്ത് നടത്തിയ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പിന്നാലെ ബി.ജെ.പി എം.എൽ.എ നരേന്ദ്ര മേത്ത ഉൾപ്പെടെയുള്ള മറാത്തി നേതാക്കൾ സർനായികിനെതിരെ രംഗത്തെത്തി. ഒരാൾ മറാത്തി അറിയില്ലെന്ന് തമാശയായി പറയുമ്പോൾ ചിരിച്ചുകൊണ്ട് സ്വീകരിക്കുകയും സാധാരണക്കാർക്ക് ഭാഷയുടെ പേരിൽ ഭീഷണിയും മർദനവും നേരിടേണ്ടിവരികയും ചെയ്യുന്നത് ശരിയാണോയെന്നായിരുന്നു മേത്തയുടെ ചോദ്യം.
അതിനിടെ ഭാഷ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ശിവസേനയും മറാത്തിയുടെ പ്രചാരണത്തിനായി കാര്യമായ നടപടികളെടുക്കുന്നില്ലെന്ന് കോൺഗ്രസും ആരോപിച്ചു.
അതേസമയം, തന്റെ കുടുംബം മുംബൈക്കാരാണെന്നും ഈ മണ്ണിലാണ് വളർന്നതെന്നും മഹാരാഷ്ട്ര തനിക്ക് ഏറെ നൽകിയിട്ടുണ്ടെന്നും സഞ്ജയ് പറഞ്ഞു. പ്രയാസകരമായ കാലഘട്ടത്തിൽ ശിവസേന സ്ഥാപകൻ ബാലാസാഹെബ് താക്കറെ നൽകിയ സഹായവും സഞ്ജയ് ദത്ത് ഓർമപ്പെടുത്തിയതായും ഓഫിസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

