ഡി.എം.കെയുടെ ഭരണത്തിൽ സംഘികൾ അസ്വസ്ഥർ; നിരവധി പ്രശ്‌നങ്ങൾ ബി.ജെ.പി സർക്കാർ സൃഷ്ടിക്കുന്നു -ഉദയനിധി സ്റ്റാലിൻ
text_fieldsചെന്നൈ: സംസ്ഥാന സർക്കാരിനെ തകർക്കാൻ ബി.ജെ.പി അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. നിരവധി പ്രശ്‌നങ്ങളും ഗൂഢാലോചനയും സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെങ്കിലും ഡി.എം.കെ സർക്കാർ ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് സംഘികൾക്കും അവരുടെ അനുയായികൾക്കും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സത്തൂറിൽ വെച്ച് സംസാരിക്കവെയായിരുന്നു ഉദയനിധി സ്റ്റാലിൻ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്.
ഡി.എം.കെ ഭരണത്തിൽ അസ്വസ്ഥരായതുകൊണ്ടാണ് സംഘികൾ ഫണ്ട് അവകാശത്തെക്കുറിച്ചും ഭാഷ അവകാശത്തെക്കുറിച്ചും സംസ്ഥാനങ്ങളുടെ അവകാശത്തെക്കുറിച്ചും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിർത്തി നിർണയത്തിലൂടെ നിയോജകമണ്ഡലത്തിലെ എം.പിമാരുടെ എണ്ണം 39 ൽ നിന്ന് 32 ആയി കുറക്കാൻ അവർ ആഗ്രഹിക്കുന്നു.
വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരുടെ പേരുകൾ തിരുത്തുന്നത് പോലുള്ള നിരവധി പ്രശ്‌നങ്ങൾ ബി.ജെ.പി സർക്കാർ സൃഷ്ടിക്കുന്നുണ്ടെന്നും ഉദയനിധി ആരോപിച്ചു. എന്നാൽ ഇത്തരം പ്രശ്നങ്ങളെയെല്ലാം ഇടതു കൈകൊണ്ടാണ് തമിഴ്നാട് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതെന്നും അത് അവരെ കൂടുതൽ പ്രകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന പോലെ തമിഴ്‌നാടിനെ സ്വാധീനിക്കാൻ കഴിയാത്തതാണ് ബി.ജെ.പിക്ക് നിരാശ നൽകുന്നതെന്നും ഉദയനിധി പറഞ്ഞു.
കൂടാതെ പ്രതിപക്ഷത്തേക്ക് തിരിഞ്ഞ ഉദയനിധി എ.ഐ.എ.ഡി.എം.കെയെയും വിമർശിച്ചു. ഡി.എം.കെയിൽ യുവജന, വനിതാ, വിദ്യാർഥി, അഭിഭാഷക വിഭാഗങ്ങൾ ഉൾപ്പെടെ ഏകദേശം 25 വിഭാഗങ്ങളുണ്ട്. എന്നാൽ ഡി.എം.കെയിൽ നിന്ന് വ്യത്യസ്തമായി എ.ഐ.എ.ഡി.എം.കെയിൽ വിഭാഗീയത നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

